ഉപ്പുതറ: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഉപ്പുതറ എസ്‌ഐ.യെ സസ്‌പെൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഉപ്പുതറ എസ്‌ഐ. കെ.ഐ.നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്‌പെൻഡുചെയ്തത്.

പ്രതിയെ രക്ഷിക്കാൻ എസ്‌ഐ കൈക്കൂലി വാങ്ങിയ വിവരം പ്രതിയുടെ ബന്ധുക്കളിൽ നിന്നു തന്നെ ചോരുകയായിരുന്നു. തുടർന്ന് ഈ വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയുമായിരുന്നു. നവംബർ 13-നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് മേരികുളം ടൗണിന് സമീപം വാഹനത്തിൽ ചിലർ മദ്യപിച്ചുകൊണ്ടിരുന്നത് തൊട്ടടുത്ത് താമസക്കാരനായ വീട്ടുടമസ്ഥൻ ചോദ്യംചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ വീട്ടുടമ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു. ഇതോടെ വധശ്രമത്തിനുംമറ്റും വീട്ടുടമസ്ഥനെതിരേ പൊലീസ് കേസെടുത്തു.

കേസിൽ നിന്നും പ്രതിയെ രക്ഷിക്കാൻ അനുകൂലമായ റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കൾ എസ്‌ഐ.യെ സമീപിച്ചു. താമസസ്ഥലത്തെത്താൻ എസ്‌ഐ. നിർദേശിച്ചു. അവിടെയെത്തിയപ്പോഴാണ് കൈക്കൂലിയായി 10,000 രൂപ വാങ്ങിയത്. കൈക്കൂലി നൽകിയ വിവരം പ്രതിയുടെ ബന്ധുക്കളിൽനിന്ന് ചോർന്നു. വിവരം നാട്ടിൽ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം, ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡിവൈ.എസ്‌പി.യോട് റിപ്പോർട്ട് തേടി.

ഡിവൈ.എസ്‌പി.യുടെ അന്വേഷണത്തിൽ, എസ്‌ഐ. കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഉപ്പുതറ സിഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്‌ഐ. ആയിരുന്ന നസീർ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താത്കാലിക ചുമതലയിൽ ഉപ്പുതറ സ്റ്റേഷനിലെത്തിയത്.