തിരുവനന്തപുരംഛ പ്രമുഖ പരിസ്ഥിതി - സാമൂഹിക പ്രവർത്തകയും കവയത്രിയുമായിരുന്ന സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാൻ കെപിസിസി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവിനാണ് സംഘാടന ചുമതല.

കവയത്രിയുടെ ജന്മദിനമായ ജനുവരി 22 ന് തിരുവനന്തപുരത്തു വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. കവയത്രിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ആറന്മുള, പിതാവ് ബോധേശ്വരന്റെ ജന്മദേശമായ നെയ്യാറ്റിൻകര അവർ ഹൃദയത്തോട് ചേർത്തു വെച്ച സൈലന്റ് വാലി - അട്ടപ്പാടി,അവർ സ്ഥാപിച്ച തിരുവനന്തപുരം അഭയ എന്നിവിടങ്ങളിൽ ഉൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കും. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടേയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാകും പരിപാടികളുടെ നടത്തിപ്പ്.

സുഗതകുമാരി കവിതകളുടെ പുനർവായന,കോളജ് വിദ്യാർത്ഥികൾക്ക് കവിതാരചന മത്സരം, കവിയരങ്ങുകൾ , സുഗത സ്മൃതി വനം , പരിസ്ഥിതി സെമിനാറുകൾ, സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌കാരം, ഓർമ്മക്കൂട്ടായ്മകൾ എന്നിവ ആദ്യഘട്ടത്തിൽ സംഘടിപ്പിക്കും. നവതി വർഷത്തിൽ പ്രിയ ടീച്ചറെ ഓർക്കാനും സുഗതസ്മൃതിയിൽ നിന്നും ഊർജവും പ്രചോദനവും ഉൾക്കൊള്ളാനും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ഘടകങ്ങളും സുമനസ്സുകളും ഒത്തുചേരണമെന്ന് കെപിസിസി പ്രസിഡന്റ് അഭ്യർത്ഥിച്ചു.