കോട്ടയം: ക്വട്ടേഷൻ, കൊലപാതക ശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ ഗുണ്ടാ വിരുദ്ധ (കാപ്പ) നിയമം ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. ആർപ്പൂക്കര വില്ലൂന്നി ലക്ഷം കോളനിയിൽ പിഷാരത്ത് വീട്ടിൽ വിഷ്ണുദത്ത് (24), സഹോദരൻ സൂര്യദത്ത് (23) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്.

വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ച ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഗാന്ധിനഗർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇരുവരും. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിൽ ആദ്യമായാണ് സഹോദരന്മാർക്കെതിരെ ഒരുമിച്ച് കാപ്പ നിയമ നടപടി സ്വീകരിക്കുന്നത്.

വിഷ്ണുദത്തിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മണിമല, പാമ്പാടി എന്നീ സ്റ്റേഷനുകളിലും, സൂര്യദത്തിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മണിമല എന്നീ സ്റ്റേഷനുകളിലുമായി അടിപിടി, കൊലപാതകശ്രമം, വീട് കയറി ആക്രമണം, ക്വട്ടേഷൻ, എംഡിഎംഎ കടത്ത്, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.