- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് മലമുകളിൽ കുടുങ്ങി; ഇന്ന് കൈമുറിച്ച് ബന്ധുവീട്ടിൽ പരാക്രമം നടത്തി ബാബു; വീടടക്കം കത്തിക്കുമെന്ന് പറഞ്ഞ് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം: കീഴ്പ്പെടുത്തിയത് ഫയർഫോഴ്സും പൊലീസും എത്തി
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ഇടംപിടിച്ച ബാബു ഇന്നലെ കാനിക്കുളത്തെ ബന്ധു വീട്ടിൽ നടത്തിയ പരാക്രമത്തിൽ വലഞ്ഞത് പൊലീസും അഗ്‌നിശമന സേനയും. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് കൈഞെരമ്പ് മുറിച്ച ശേഷം ബാബു വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വിവരമറിഞ്ഞു കസബ പൊലീസും അഗ്‌നി രക്ഷാ സേനയുമെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ബാബുവിനെ പിടികൂടി ജില്ലാ ആശുപത്രിയിലെത്തിച്ചു.
മുറിക്കുള്ളിൽ ഉപകരണങ്ങളെല്ലാം തല്ലിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വീടടക്കം കത്തിക്കും എന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ആയിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി. പിന്നാലെ കസബ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് കഞ്ചിക്കോട് അഗ്നിസേനാ നിലയത്തിലെ സേനാംഗങ്ങൾ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുവിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തി. സന്നാഹങ്ങൾ കണ്ടതോടെ കൂടുതൽ അക്രമാസക്തനായ ബാബു, സ്വന്തം കൈ കൊണ്ട് ജനലിന്റെ ഗ്ലാസ് ഇടിച്ചു പൊട്ടിക്കുകയും പൊട്ടിയ ഗ്ലാസ് കഷണങ്ങൾ സേനാംഗങ്ങളുടെ നേരെ വലിച്ചെറിയുകയും ചെയ്തു.
കളക്ടറും മറ്റ് മേലുദ്യോഗസ്ഥരും എല്ലാവരും സംഭവസ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട ബാബു എല്ലാവരെയും അസഭ്യം പറയുകയും ചെയ്തു. മുറിക്കുള്ളിൽ ഗ്യാസ് സിലിണ്ടർ ഉള്ളതിനാൽ വലിയ അപകടങ്ങൾ വരുത്തിയേക്കാൻ സാധ്യതയുണ്ട് എന്ന് ചിന്തിച്ച് കൂടുതൽ സേനാംഗങ്ങളുടെ സേവനം ആവശ്യപ്പെട്ടു. പാലക്കാട് നിലയത്തിലെ ജീവനക്കാരും സംഭവസ്ഥലത്ത് എത്തിയോടെ വാതിൽ ചവിട്ടി തുറന്നു എല്ലാവരും കൂടെ ഇരച്ചുകയറി ബാബുവിനെ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബാബു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ടെന്ന് ഫയർഫോഴ്‌സ് അധികൃതർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പാലക്കാട് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ ഹിതേഷ് നേതൃത്വത്തിൽ പാലക്കാട്, കഞ്ചിക്കോട് യൂണിറ്റിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.



