- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; നടൻ നാനാ പടേക്കർ മുഖ്യാതിഥിയാകും: ഉദ്ഘാടനചിത്രം 'ഗുഡ്‌ബൈ ജൂലിയ'
തിരുവനന്തപുരം: 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.കെ.) ഇന്ന് തുടക്കമാകും. വൈകുന്നേരം ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ തിരിതെളിയുന്ന ഉദ്ഘാടന ചടങ്ങിൽ നടൻ നാനാ പടേക്കർ മുഖ്യാതിഥിയാകും. മുഹമ്മദ് കോർദോഫാനി സംവിധാനചെയ്ത 'ഗുഡ്‌ബൈ ജൂലിയ' ആണ് ഉദ്ഘാടനചിത്രം. കാന്മേളയിലേയക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സുഡാൻ ചിത്രമാണിത്.
നവകേരള സദസ്സിലായതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോസന്ദേശം ഉദ്ഘാടനച്ചടങ്ങിൽ പ്രദർശിപ്പിച്ചേക്കും. മുഖ്യമന്ത്രി ഉദ്ഘാടകനാകുന്നതാണ് മേളയുടെ പതിവ്. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറോളം ചലച്ചിത്രപ്രവർത്തകർ അതിഥികളായും 12,000 പ്രതിനിധികളും പങ്കെടുക്കും.
കെനിയൻ സംവിധായിക വനൂരി കഹിയുവിന് 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് മേയർ ആര്യ രാജേന്ദ്രൻ സമ്മാനിക്കും. അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, റസൂൽ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പറഞ്ഞു.
15 തിയേറ്ററുകളിലായി 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമകളാണ് മേളയിലുള്ളത്. 15-ന് മേളയുടെ സമാപനച്ചടങ്ങിൽ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. ഫലസ്തീനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്.



