- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരന്റെ ശ്വാസകോശത്തിൽ പേനയുടെ ഭാഗം കുടുങ്ങി; ആറു ദിവസത്തിന് ശേഷം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
കോട്ടയം: പതിനൊന്നുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പേനയുടെ പിൻഭാഗത്തെ പിരിയടപ്പ് ആറുദിവസത്തിനുശേഷം പുറത്തെടുത്തു. വായിലൂടെ പ്രത്യേക ഉപകരണമിറക്കി ശ്വാസകോശത്തിൽനിന്ന് ഇത് വലിച്ചെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് സർജൻ ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് ശസ്ത്രക്രിയ കൂടാതെ പേനയുടെ ഭാഗം പുറത്തെടുത്തത്. റാന്നി സ്വദേശി അനിലിന്റെ മകന്റെ വായിൽ പേനയുടെ പിൻഭാഗത്തെ അടപ്പ് കുടുങ്ങിയത്.
പേനാ കഷ്ണം പുറത്തെടുത്തതോടെ ശ്വാസംമുട്ടൽ അടക്കമുള്ള കുട്ടിയുടെ ദുരിതത്തിന് ശമനമായി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പേന കടിച്ചുപിടിച്ച് ചുമച്ചപ്പോൾ ചുവട്ടിലെ അടപ്പ് വായിലേക്ക് പോകുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എക്‌സ് റേയിൽ ഒന്നും വ്യക്തമായില്ല. വീട്ടിൽ എത്തിയപ്പോൾ അസ്വസ്ഥത തോന്നി. തുടർന്ന് തിങ്കളാഴ്ച വീണ്ടും റാന്നിയിലെ ആശുപത്രിയിൽ എത്തി എക്‌സ്-റേ എടുത്തു. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു.
വിശദ പരിശോധനയിൽ എന്തോ തടഞ്ഞുനിൽക്കുന്നതായി മനസ്സിലായി. ഇവിടത്തെ ഡോക്ടർമാരുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക്ക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ കാർഡിയോ തൊറാസിക് വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.



