- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയിൽ കഴിയുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
മണർകാട്: ചികിത്സയിൽ കഴിയുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നം കരിക്കത്തറ കെ.വി. ഷാജു (57) വാണ് അറസ്റ്റിലായത്. പെരുവ മുളക്കുളം സ്വദേശിനിയേയാണ് ഇയാൾ ആക്രമിച്ചത്.
ബുധനാഴ്ച ഉച്ചയോടെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെത്തിയ പ്രതി, ഇവിടെ ചികിത്സയിലിരുന്ന സ്ത്രീയെ മുറിക്കുള്ളിൽകടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വിധവയായ ഈ സ്ത്രീയുമായി അടുപ്പത്തിലായ പ്രതി നേരത്തെ കുറച്ചുകാലം ഒരുമിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ഈ കേസിൽ പൊലീസ് പിടിയിലായ ഇയാൾ ജയിലിലായി. ജാമ്യത്തിലിറങ്ങിയ പ്രതി, സ്ത്രീ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നറിഞ്ഞ് ഇവിടെയെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ ഇയാൾ ആശുപത്രിയിൽനിന്ന് ഇറങ്ങിയോടി. മണർകാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡുചെയ്തു.



