പൊയിനാച്ചി: മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും പണം തട്ടിയ ശേഷം ഗൾഫിലേക്ക് കടന്നയാൾ മടക്കയാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായി. ബാര മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് യഹ്യ യാക്കൂബിനെ (38) യാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്നും മേൽപ്പറമ്പ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസും സംഘവും അറസ്റ്റുചെയ്തത്.

കേരള ഗ്രാമീൺ ബാങ്കിനെ കബളിപ്പിച്ച് ഏഴ് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയാണ് മുഹമ്മദ് യഹ്യ. കേരളാ ഗ്രാമീൺ ബാങ്ക് മേൽപ്പറമ്പ് ശാഖയിൽ ഇടപാടുകാരനായയിരുന്ന ഇയാൾ മുക്കുപണ്ടം പണയം വെച്ച് 6,90,540 രൂപ കൈക്കലാക്കിയതായി മാനേജർ എം.ശരത് കഴിഞ്ഞ മാർച്ച് ഏഴിന് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു.

വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ്് ഇയാൾ വിദേശത്തേക്ക് കടന്നതായി വ്യക്തമായതോടെ എല്ലാ വിമാനത്താവള എമിഗ്രേഷനിലേക്കും ലുക്കൗട്ട് നോട്ടീസയച്ചു. നാട്ടിലേക്ക് വരാൻ കഴിഞ്ഞദിവസം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെപ്പറ്റി അധികൃതർ മേൽപ്പറമ്പ് പൊലീസിന് വിവരം കൈമാറി

വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്‌ഐ. എൻ.ശശിധരൻ പിള്ള, പൊലീസുകാരായ അജിത്ത്കുമാർ, സക്കറിയ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.