കണ്ണൂർ: പെരിങ്ങത്തൂർ സൗത്ത് അണിയാരത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്താൻ താമസിപ്പിച്ചെന്നാരോപിച്ച് കണ്ണവം റേഞ്ച് ഓഫിസർക്കെതിരെയുള്ള പരാതിയിൽ അന്വേഷണമാരംഭിച്ചു. കൃത്യനിർവഹണത്തിൽ വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ടും പുലിയുടെ ജഡം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിങ്ങത്തൂർ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായ ഹമീദ് കിടഞ്ഞി നൽകിയ പരാതിയിന്മേലാണ് അന്വേഷണം തുടങ്ങിയത്.

അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഫോറസ്റ്റ് വിജിലൻസ് വിങിന് നൽകിയ പരാതിയിലാണ് കണ്ണൂർ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികളുടെ മൊഴിയെടുത്തത്. കിണറ്റിൽ നിന്ന് പുലിയുടെ കഴുത്തിൽ കയർ കുരുക്കി വലയിലാക്കുകയും കിണറ്റിന്റെ മധ്യേ ഭാഗത്ത് എത്തിച്ച് മയക്കുവടി വെച്ചും മുകളിലെത്തിച്ച് വീണ്ടും മയക്കു ഇഞ്ചക്ഷൻ വെക്കുകയും ചെയ്‌രുന്നു.. 18 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട പുലിക്ക് ഒരുവിധ പരുക്കും ഉണ്ടായിട്ടില്ല. മയക്കുവെടി വെക്കുന്നതുവരെ പുലി ശൗര്യം കാണിച്ചതായും സമയബന്ധിതമായി ചികിത്സ കിട്ടാതാവുകയും ചെയ്തു. ഉച്ചയ്ക്ക് പുലിയെ പുറത്തെടുക്കാൻ ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

അന്വേഷണ സംഘം പുലി കിണറ്റിൽ വീണ വീടും പരിസരവും സന്ദർശിച്ചു. കഴിഞ്ഞ നവംബർ 29നാണ് അണിയാരം മലാൽ സുനീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റിൽ പുലി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പുറത്തെടുത്ത് കണ്ണവം റെയ്ഞ്ച് ഓഫിസിലെത്തിച്ചപ്പോഴാണ് . ചത്തതായി സ്ഥിരീകരിച്ചത്. തുടർന്ന് വയനാട് വെറ്റിനറി കേന്ദ്രത്തിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയതിനെ തുടർന്ന് ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.