പെരിന്തൽമണ്ണ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിനെ 46 വർഷം കഠിനതടവിനും 2,05,000 രൂപ പിഴയും ശിക്ഷി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. അടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.

കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശ്ശേരി വീട്ടിൽ ഷമീമി (28)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2020 മാർച്ചിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകൾപ്രകാരം 41 വർഷം കഠിനതടവും 1,80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് സ്വകാര്യബസ് ജീവനക്കാരനായ ഷമീം. പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച് ഗർഭിണിയാക്കുക ആയിരുന്നു. പെരിന്തൽമണ്ണ എസ്‌ഐ. മാരായിരുന്ന രമാദേവി, ഹേമലത എന്നിവരന്വേഷിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്തത് ഇൻസ്‌പെക്ടർ സി.കെ. നാസറും കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടർ സജിൻ ശശിയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി.