ആലുവ: ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്നു പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടൽ അധികൃതർ അടപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയ ശേഷമാണ് ഹോട്ടൽ പൂട്ടിച്ചത്. ബുധനാഴ്ച അൽഫാം കഴിച്ച 13 പേർക്കു ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്നാണ് നടപടി. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

ഭക്ഷണം തയാറാക്കാൻ എത്തിച്ച കോഴിയിറച്ചിയുടെ സാംപിൾ ലാബ് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ പി.എ. അനീഷ, പി.എസ്. സമാനത എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയും ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. അൽഫാം, ഷവർമ, മയോണൈസ് എന്നിവ വിതരണം ചെയ്യരുതെന്നു നിർദ്ദേശം നൽകിയിരുന്നതായി അവർ പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റവർ ആലുവയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.