- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനിലിട്ട കേസിലെ പ്രതിയെ വീടുകയറി കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ അറസ്റ്റിൽ
മണർകാട്: കൊലക്കേസ് പ്രതിയായ യുവാവിനെ ഗുണ്ടാസംഘം വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനിലിട്ട സംഭവത്തിലെ പ്രതിയായ മണർകാട് പറപ്പള്ളിക്കുന്ന് കുന്നംപള്ളിൽ കെ.എസ്.സുധീഷിനെയാണ് പുലർച്ചെ വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിൽ മണർകാട് കിഴക്കേതിൽ വീട്ടിൽ പ്രവീൺരാജു (31), കൂരോപ്പട ളാക്കാട്ടൂർ കല്ലുത്തറ വീട്ടിൽ ഉണ്ണിക്കുട്ടൻ (26), മണർകാട് മണ്ഡലത്തിൽ വീട്ടിൽ സനുമോൻ (29), അയർക്കുന്നം അമയന്നൂർ തേവർവടക്കേതിൽ വീട്ടിൽ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് കോഴിമല വീട്ടിൽ ജിജിൻ ഫിലിപ്പ് (26) എന്നിവരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. സുധീഷിന്റെ പരാതിയിൽ മണർകാട് പൊലീസ് കേസെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെയായിരുന്നു വടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണം. ഗുണ്ടാസംഘങ്ങൾക്കിടയിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ സുധീഷ് പൊലീസിന് നൽകിയ മൊഴി.
പ്രവീൺരാജുവും, ജിജിൻ ഫിലിപ്പും മണർകാട് സ്റ്റേഷനിലെ സമൂഹവിരുദ്ധ പട്ടികയിൽപ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയർക്കുന്നം, പാമ്പാടി, പാലാ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. എസ്‌പി.യുടെ നേതൃത്വത്തിൽ മണർകാട് പൊലീസ് ഇൻസ്‌പെക്ടർ അനിൽജോർജ്, എസ്‌ഐ. സുരേഷ് കെ.ആർ, സി.പി.ഒ.മാരായ അനിൽകുമാർ, ശ്രീകുമാർ, പത്മകുമാർ, ജൂഡ് ജോസ്, സജീഷ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



