ചേർത്തല: തനിച്ചു താമസിക്കുന്ന എഴുപതുകാരിയായ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 29കാരന് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് 13-ാം വാർഡിൽ കറുകയിൽവീട്ടിൽ സുധീഷി(29)നെയാണ് ചേർത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഒന്നരവർഷംകൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് ശിക്ഷ.

വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 70 വയസ്സുകാരിയെ അതിക്രൂരമായി ഇയാൾ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. 2021 മെയ്‌ 15-ന് അരൂർ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി. സിറ്റൗട്ടിലെ ലൈറ്റിടുന്നതിനായി വയോധിക പുറത്തിറങ്ങിയ സമയം മഴയത്ത് മതിൽ ചാടിക്കടന്നു വന്ന പ്രതി കടന്നുപിടിക്കുകയും ഹാളിലേക്കു വലിച്ചുകൊണ്ടുപോയി ബലാത്സംഗംചെയ്യുകയുമായിരുന്നു. രക്തത്തിൽ കുളിച്ച് അനങ്ങാനാകാതെ കിടന്ന വയോധിക മഴമാറി നേരം വെളുത്തപ്പോൾ നിരങ്ങി അടുത്ത വീട്ടിലെത്തി. അയൽവീട്ടുകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

സംസാരിക്കാനാകാതെയായ വൃദ്ധയെ പരിശോധിച്ച ചേർത്തല ആശുപത്രിയിലെ ഡോക്ടറാണ് ബലാത്സംഗത്തിനിരയായ വിവരം മക്കളെ അറിയിച്ചത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. അരൂർ ഇൻസ്‌പെക്ടറായിരുന്ന ജെ. സണ്ണി രജിസ്റ്റർചെയ്ത കേസിന്റെ അന്വേഷണം എസ്‌ഐ. ബി. രാമു, ഇൻസ്‌പെക്ടറായിരുന്ന കെ.ജി. അനീഷ് എന്നിവർ നടത്തി. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സ്റ്റേഷൻ ഇൻസ്‌പെക്ടർ സുബ്രഹ്‌മണ്യനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ജൂനിയർ എസ്‌ഐ. വി.എൻ. സാബു, സിവിൽ പൊലീസ് ഓഫീസർമാരായ എം.ബി. ഉഷ, ബിനുമോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.സി.പി.ഒ.മാരായ രതീഷ്, സുനിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീനാ കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.