കൊച്ചി: കാസർകോട്ടെ വ്യവസായി കോടികളുടെ ഹവാല ഇടപാടുകൾ നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കണ്ടെത്തൽ. വ്യവസായിയുടെയും കുടുംബത്തിന്റെയും പേരിൽ ബാങ്കുകളിലുണ്ടായിരുന്ന 3.58 കോടിരൂപ അന്വേഷണസംഘം മരവിപ്പിച്ചു. കാസർകോട് ചെനോത്ത് തിരുമ്മൽ അബ്ദുറഹ്‌മാന്റെയും ഭാര്യ സീന മജീദിന്റെയും പേരിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

സ്ഥാവരജംഗമ വസ്തുക്കൾ, കമ്പനികളിലെ ഓഹരികൾ എന്നിവയും മരവിപ്പിച്ചിട്ടുണ്ട്. ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽനിന്ന് 150 കോടിരൂപ വായ്പയെടുത്ത് 83.36 കോടിരൂപ തിരിച്ചടയ്ക്കാതെ കബളിപ്പിച്ച സംഭവത്തിലാണ് കേസ്. കേരളത്തിലെ ഒട്ടേറെ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുള്ളതായും ഇ.ഡി. കണ്ടെത്തി. ബാങ്കിന്റെ പരാതിയിൽ കാസർകോട് ചന്തേര പൊലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്.

ഹെക്‌സ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന അബ്ദുറഹ്‌മാന്റെ കമ്പനിയുടെ വികസനത്തിനായാണ് 150 കോടി വായ്പയെടുത്തത്. ഇൻവെസ്റ്റ് ബാങ്കിൽനിന്നുൾപ്പടെ 340 കോടിരൂപയുടെ വായ്പകളെടുത്തതായി ഇ.ഡി. അന്വേഷണത്തിൽ കണ്ടെത്തി. വൻതോതിലുള്ള കള്ളപ്പണ ഇടപാടാണ് നടന്നതെന്നും വ്യവസായ ആവശ്യത്തിനായി എടുത്ത വായ്പ വ്യക്തിപരമായ കാര്യങ്ങൾക്ക് വിനിയോഗിച്ചെന്നെും കണ്ടെത്തി. ഇതിൽ ദുരൂഹമായ ചില ഇടപാടുകൾ നടന്നതായി ഇ.ഡി. സംശയിക്കുന്നുണ്ട്.