തൊടുപുഴ: ഇടുക്കി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി, അടിമാലി എന്നീ മണ്ഡലങ്ങളിൽ കളക്ടർ സന്ദർശിച്ചു. തൊടുപുഴയിൽ കഴിഞ്ഞ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.

നവകേരള സദസ്സിൽ പങ്കെടുക്കാനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12,000 ത്തോളം പേരെയാണ് നവകേരള സദസ്സിലേക്ക് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവർക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇടുക്കി മണ്ഡലത്തിലെ നവകേരളസദസ്സിൽ പങ്കെടുക്കുന്നതിന് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വാത്തിക്കുടിയിൽ നിന്നും ഇടുക്കിയിലേക്കും കട്ടപ്പനയിൽ നിന്നും വാഴവര വഴി ഇടുക്കിയിലേക്കും ഒരു ട്രിപ്പ് വീതവും കാമാക്ഷി പാറക്കടവിൽ നിന്നു തങ്കമണി വഴി ഇടുക്കിയിലേക്ക് നാല് ട്രിപ്പും എട്ടാം മൈലിൽ നിന്നും കാൽവരി മൗണ്ട് വഴി ഇടുക്കിയിലേക്ക് രണ്ട് ട്രിപ്പും പ്രത്യേക സർവീസ് നടത്തും. നവകേരള സദസ്സിനെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇടുക്കി നിയോജകമണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് 11 ന് രാവിലെ 6 മണി മുതൽ ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും യാതൊരു വാഹനവും പാർക്ക് ചെയ്യുവാൻ പാടില്ല. രാവിലെ 9 മണി മുതൽ ട്രാഫിക് ഡൈവേർഷൻ ഉണ്ടായിരിക്കും. കരിമ്പൻ ഭാഗത്ത് നിന്നും കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ( റൂട്ട് ബസ് ആംബുലൻസ് എന്നിവ ഒഴികെ) തടിയമ്പാട്- മരിയാപുരം -ഇടുക്കി വഴിയും കട്ടപ്പന ഭാഗത്തുനിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (റൂട്ട് ബസ് ആംബുലൻസ് എന്നിവ ഒഴികെ) ഇടുക്കി തണ്ടാൻ പറമ്പ് പാലം -കുതിരക്കല്ല് തടിയമ്പാട് വഴിയും തിരിഞ്ഞു പോകണം. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിനും ബ്രേക്ക് ഫാസ്റ്റിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചെറുതോണി പുതിയ ബസ്റ്റാൻഡിൽ എത്തുമ്പോൾ ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങൾ, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ എന്നിവ തിയേറ്റർ പടിക്കും മെഡിക്കൽ കോളേജിനും ഇടയിലുള്ള പാർക്കിങ് ബോർഡ് വച്ചിരിക്കുന്ന ഭാഗത്ത് മാത്രവും വിദ്യാധിരാജ സ്‌കൂൾ ഗ്രൗണ്ട്, ഗ്രീൻലാൻഡ് തിയേറ്റർ പരിസരം എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം. ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നവകേരള സദസ്സിനെത്തുന്ന വകുപ്പ് മേധാവികളുടെയും പത്രപ്രവർത്തകരുടെയും മറ്റു വകുപ്പുകളുടെയും വാഹനങ്ങൾ ഇടുക്കി ഡി റ്റി പി സി പാർക്കിലും പാർക്കിന് എതിർ വശത്തുള്ള പാർക്കിങ് സ്ഥലത്തും കൊച്ചിൻ വർക്ക് ഷോപ്പിനോട് ചേർന്നുള്ള പാർക്കിങ് സ്ഥലത്തും ഇടുക്കി സെന്റ് ജോർജ്ജ് ചർച്ച് ഗ്രൗണ്ടിലും ഇടുക്കി ന്യൂമാൻ സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. നവകേരള സദസ്സിനെത്തുന്ന ആളുകളുമായി കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങൾ ആളുകളെ ഇടുക്കി ജങ്ഷനിൽ ഇറക്കിയശേഷം ഇടുക്കി ഡാം ടോപ്പ് മുതൽ ഇടുക്കി ഡാമിന്റെ പ്രവേശന കവാടം വരെയുള്ള ഭാഗങ്ങളിലും ഗുരുമന്ദിരം നാരകക്കാനം റോഡ് സൈഡിലും പാർക്ക് ചെയ്യണം. ബസിൽ ആളുകളുമായി വരുന്നവർ ആളുകളെ ഇറക്കിയശേഷം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ആളുകളുമായി വരുന്ന മറ്റു വാഹനങ്ങൾ അവരെ ഇറക്കിയശേഷം ചെറുതോണി പാലം മുതൽ ഗാന്ധിനഗർ കോളനി റോഡ് വരെയുള്ള ഭാഗത്തും വഞ്ചിക്കവല എച്ച്ആർസി വഞ്ചിക്കവല ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗിരിജ്യോതി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരളസദസിന്റെ ഭാഗമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഗതാഗത നിയന്ത്രണവുമുണ്ട്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മൂവാറ്റുപുഴ , മണക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ സീമാസ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മണക്കാട് റോഡ് വഴി പോകണം. പാലാ ഭാഗത്തുനിന്ന് മൂലമറ്റം, മാങ്ങാട്ടുകവല ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നെൽകോസ് ജങ്്ഷനിൽ നിന്നും തിരിഞ്ഞു കോതായി കുന്ന് ബൈപ്പാസ് വഴി തിരിഞ്ഞുപോകണം. മണക്കാട് ജങ്ഷനിൽ നിന്നും വരുന്ന ചെറുവാഹനങ്ങൾ ചാഴിക്കാട്ട് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നു തിരിഞ്ഞു പുഴയോരം വഴി പോകണം.ബസ് സ്റ്റാൻഡിൽ നിന്നും കിഴക്കോട്ട് പോകുന്നു ബസുകൾ കോതായിക്കുന്ന് ബൈപ്പാസ് - ന്യൂ മാൻ കോളേജ് ബൈപ്പാസ് വഴി പോകണം. നവകേരള സദസിനോടനുബന്ധിച്ച് കിഴക്ക് ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ കാർഡ്സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂമാൻ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. പാലാ ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ പ്രൈവെറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് ആളുകളെ ഇറക്കി സെന്റ്. സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിലോ തെനംകകുന്ന് ബൈപ്പാസിലോ പാർക്ക് ചെയ്യണം. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ കാർഡ്സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂ മാൻ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. മൂലമറ്റം ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഇന്ത്യൻ ഹാർഡ് വെയർ ജങ്ഷനിൽ ആളുകളെ ഇറക്കി ന്യൂമാൻ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.

ദേവികുളം നിയോജകമണ്ഡലത്തിന്റെ നവകേരള സദസിൽ പങ്കെടുക്കാനും പരാതി സമർപ്പിക്കാനും വരുന്നവർ ആളുകളെ വിശ്വദീപ്തി സ്‌കൂളിന് സമീപം ഇറക്കിയതിന് ശേഷം വലിയ ബസുകളും കാറുകളും ബൈക്കുകളും ഈസ്റ്റേൺ സ്‌കൂൾ ഗ്രൗണ്ടിലും കാറുകളും ബൈക്കുകളും അടിമാലി സർക്കാർ ഹൈസ്‌കൂളിലും കാറുകളും ബൈക്കുകളും പഞ്ചായത്ത് ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. പങ്കെടുക്കുവാൻ വരുന്നവർക്കും പരാതിക്കാർക്കും 11 മണിമുതൽ വിശ്വദീപ്തി സ്‌കൂളിൽ എത്തിച്ചേരാം.