- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; സ്കാനറും കസ്റ്റംസും തോറ്റിടത്ത് കള്ളന്മാരെ പിടികൂടി കേരളാ പൊലീസ്: പിടികൂടിയത് 75 ലക്ഷത്തിന്റെ സ്വർണം
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 75 ലക്ഷത്തിന്റെ സ്വർണം പിടികൂടി കേരളാ പൊലീസ്. സ്‌കാനറിനേയും കസ്റ്റംസിന്റെ പരിശോധനയേയും വെട്ടിച്ച് പുറത്തെത്തിയ കാരിയർമാരിൽ നിന്നാണ് കേരളാ പൊലീസ് മുക്കാൽ കോടിയോളം വിലവരുന്ന സ്വർണം പിടികൂടിയത്. സ്വർണ മിശ്രിതം വസ്ത്രത്തിനുള്ളിൽ തേച്ചു പിടിപ്പിച്ചാണ് പ്രതികളെത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണം വാങ്ങാൻ എത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കോഴികോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂർ സ്വദേശി സൈതലവി എന്നിവരാണ് സ്വർണവുമായി അറസ്റ്റിലായത്. ദുബായിൽ നിന്നുമാണ് ഇരുവരും കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനം ഇറങ്ങിയത്. സ്വർണ മിശ്രിതം വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചാണ് ഇരുവരും എത്തിയത്. അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയർപോർട്ടിന് പുറത്തെത്തിയത് സിദ്ധീഖ് ആയിരുന്നു. സിദ്ധീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വർണം സ്വീകരിക്കാൻ എയർപോർട്ട് പരിസരത്തുകൊടുവള്ളി സ്വദേശി ഷറഫുദ്ദീൻ കാത്തു നിൽപ്പൂണ്ടെന്ന് അറിഞ്ഞത്.
തുടർന്ന് ഷറഫുദ്ദീനെയും പൊലീസ് കുടുക്കി. ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്റെ വിവരങ്ങൾ പൊലീസിന് കിട്ടി. തുടർന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്ന സൈദലവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാന്റിന്റെ അകത്തും സോക്സിലും ആയിരുന്നു സ്വർണ്ണ മിശ്രിതം. സ്വർണ്ണ കടത്തുകാർക്ക് നൽകാനായി ഷറഫുദ്ദീൻ കരുതിയിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.
വസ്ത്രത്തിൽ നിന്ന് രണ്ടര കിലോയോളം സ്വർണ്ണ മിശ്രിതം വേർതിരിച്ചെടുത്തു. ഇതിൽനിന്ന് 1600 ഗ്രാം സ്വർണം കിട്ടും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 36-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.



