കോഴിക്കോട്: 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ്സ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും ചേർന്ന് പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒഡീഷയിൽ നിന്നും എത്തിച്ചതാണ് കഞ്ചാവ്.

ഒഡീഷ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങിയവരാണ് പിടിയിലായത്. ഇവരെ കണ്ടപ്പോൾ സംശയം തോന്നിയ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുക ആയിരുന്നു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ വൻതോതിലുള്ള ലഹരി വില്പന ലക്ഷ്യം വെച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചത്.

അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ്. വിപണിയിൽ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളിൽ വില വരുന്ന 16 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഓരോ തവണ അവധിക്കായി നാട്ടിൽ പോയി വരുമ്പോഴും ഇത്തരത്തിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്ന അതിഥി തൊഴിലാളികളുടെ ഒരു സംഘം തന്നെയുണ്ടെന്ന് പൊലീസ് പറയുന്നു.

കസബ ഇൻസ്‌പെക്ടർ കൈലാസ് നാഥ്, എസ്‌ഐ ജഗ്മോഹൻ ദത്തൻ, രാംദാസ് ഒ.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ. പി ,രാജീവ് കുമാർ പാലത്ത്, ഹോം ഗാർഡ് സുരേഷ് എന്നിവരും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിലെ ഷാലു. എം , സുജിത്ത് സി.കെ. എന്നിവരും ആന്റി നാർക്കോട്ടിക്ക് ഷാഡോ വിങ്ങിലെ അംഗങ്ങളായ സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, ഇബിനു ഫൈസൽ, അഭിജിത്ത്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.