ചവറ: ട്യൂഷനു പോകാനുള്ള മടികാരണം വ്യാജ തട്ടിക്കൊണ്ടുപോകൽ കഥമെനഞ്ഞ് വിദ്യാർത്ഥി. നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുവിൽ താൻ കള്ളം പറഞ്ഞതെന്ന് സംഭവിച്ച കുട്ടി രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കള്ളക്കഥ മെനഞ്ഞ വിദ്യാർത്ഥി പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളമാണ് ആശങ്കയിൽ നിർത്തിയത്.

വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ചവറ സ്വദേശിയായ കുട്ടി വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചു. ഉടൻ തന്നെ വീട്ടുകാർ വിവരം ചവറ പൊലീസിൽ അറിയിച്ചു. നാട്ടുകാർ സംഘമായി തിരിഞ്ഞ് അന്വേഷണവും തുടങ്ങി. ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ കാവിനു സമീപത്തുനിന്ന് രണ്ടുപേർ നടന്നുവന്നെന്നും ഉടൻതന്നെ ഒരു കാർ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പറഞ്ഞത്.

സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്. കൂട്ടത്തിൽ ആരെങ്കിലും നടന്നുവന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ വരുന്നെന്ന് തോന്നിയതാകാമെന്ന അനുമാനത്തിലായിരുന്നു പൊലീസ്. സംഭവത്തിൽ ആശങ്ക വേണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ വീണ്ടും കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് ട്യൂഷനു പോകാനുള്ള മടികൊണ്ടാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കള്ളക്കഥ പറഞ്ഞതെന്ന് പൊലീസിനെ ധരിപ്പിച്ചു.