തിരുവല്ല: ആറു ലക്ഷം രൂപയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി തിരുവല്ലയിൽ നിന്നും വിദ്യാർത്ഥി പിടിയിലായി. കോഴിക്കോട് പുത്തൂർ ഓമശ്ശേരി കണ്ണൻകോട്ടുമ്മൽ കെ. അഭിജിത് (21) ആണ് അറസ്റ്റിലായത്. ട്രെയിൻ മാർഗം ബെംഗളൂരുവിൽ നിന്നാണ് ഇയാൾ തിരുവല്ലയിലെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് കന്യാകുമാരി എക്സ്‌പ്രസ് ട്രെയിനിൽ തിരുവല്ലയിൽ വന്നിറങ്ങിയതുമുതൽ ജില്ലയിലെ ഡാൻസാഫ് ടീം പ്രതിയുടെ പിന്നാലെ സഞ്ചരിച്ചാണ് പിടികൂടിയത്. 1.10 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഇതിന് ആറ് ലക്ഷത്തോളം രൂപ വിലവരും.

ജില്ലാ പൊലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പി. കെ.എ. വിദ്യാധരൻ, തിരുവല്ല ഡിവൈ.എസ്‌പി. അഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് നൽകാൻ കൊണ്ടുവന്നതാണ് ഇതെന്ന് പ്രതി മൊഴി നൽകി.