ബെംഗളൂരു: വ്യവസായിയും പീനിയ ഇൻസ്ട്രിയൽ ഗ്യാസസ് ഉടമയുമായ കാവാലം നാരകത്തറ കിളിയൻകാവു വീട്ടിൽ ഡി. മധുസൂദനൻ പിള്ള(71) ഡെറാഡൂണിൽ അന്തരിച്ചു. കോവിഡ് കാലത്ത് കേരളത്തിലെ ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. 2021 ഏപ്രിൽ മുതൽ കോവിഡിന്റെ തീവ്ര വ്യാപന കാലത്ത് മധുസൂദനൻ പിള്ള ഒട്ടേറെ ലോഡ് മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെത്തിച്ച് ശ്രദ്ധേയനായിരുന്നു.

വ്യാപാര ആവശ്യങ്ങൾക്കായി ഡെറാഡൂണിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. ബെംഗളൂരു മത്തിക്കെരെയിൽ താമസിക്കുന്ന അദ്ദേഹം സ്വന്തം പ്രയത്‌നത്തിൽ അറിയപ്പെടുന്ന വ്യവസായിയായി വളരുകയായിരുന്നു. ബിഹാറിൽ ഗ്യാസ് കമ്പനി ജീവനക്കാരനായാണു തുടക്കം. പിന്നീട്, ഡൽഹിയിൽ മാർക്കറ്റിങ് മാനേജരായി. 1990ൽ ബെംഗളൂരുവിൽ സ്വന്തം സ്ഥാപനം തുടങ്ങി. നിലവിൽ ബെംഗളൂരുവിലെ പീനിയയ്ക്കു പുറമെ കൊച്ചിയിലെ ഏലൂരിലും തിരുവനന്തപുരത്തെ വേളിയിലും തമിഴ്‌നാട്ടിലെ ഹൊസൂരിലും പ്ലാന്റുകളുണ്ട്.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടിലെ ചടങ്ങുകൾക്കു ശേഷം 3 ന് പീനിയ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗീത പിള്ള. മക്കൾ: പ്രിയ എം. പിള്ള, ലക്ഷ്മി എം. പിള്ള. മരുമക്കൾ: ശ്രീകുമാർ, പ്രേം കൃഷ്ണ.