കണ്ണൂർ: കുറ്റവാളികളായി ജയിലിലെത്തിയവർ പഠിച്ചു മിടുക്കരാകാൻ ഒരുങ്ങുന്നു. 52 ജയിൽ പുള്ളികളാണ് ഉപരിപഠനത്തിനായി അപേക്ഷ നൽകിയിക്കുന്നത്. തടവുകാർക്ക് ബിരുദാനന്തരബിരുദംവരെ നേടാനാണ് അവസരം ഒരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ സെൻട്രൽ ജയിലുകളിലായി 52 പേർ ഉപരിപഠനത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ശ്രീനാരായണ ഓപ്പൺ സർവകലാശാലയാണ് സൗജന്യ ഉപരിപഠനത്തിനുള്ള സൗകര്യമൊരുക്കുന്നത്.

തടവുകാർക്ക് ബിരുദത്തിലും ബിരുദാനന്തരബിരുദത്തിലും ഏത് കോഴ്‌സും തിരഞ്ഞെടുത്ത് ഓൺലൈൻ വഴി സൗജന്യമായി പഠിക്കാം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. യോഗ്യരായ അന്തേവാസികൾക്ക് ജയിൽ സൂപ്രണ്ട് വഴി അപേക്ഷിക്കാം. സർവകലാശാലയിലെ ഡിഗ്രി, പി.ജി. കോഴ്‌സുകളിൽ താത്പര്യമുള്ള വിഷയം തിരഞ്ഞെടുക്കാം. ബി.ബി.എ., ബി.എ. ഇംഗ്ലീഷ്, എം.എ. മലയാളം, എം.എ. ഇംഗ്ലീഷ്, എം.കോം. കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ സെൻട്രൽ ജയിലിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎ‍ൽഎ. നിർവഹിച്ചു.

സെൻട്രൽ ജയിലിലെ കൊലക്കേസ് പ്രതി ജയിൽലിൽനിന്ന് പഠിച്ച് പരീക്ഷ എഴുതി എൽഎൽ.ബി. പാസായിട്ടുണ്ട്. തടവുകാർക്ക് വിദ്യാർത്ഥികളാകാൻ ഒരുരൂപപോലും ആവശ്യമില്ല. ജയിൽ വെൽഫെയർ ഓഫീസിന്റെ സഹകരണത്തോടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള ഉദ്യോഗസ്ഥർതന്നെയാണ് അദ്ധ്യാപകരായി എത്തുന്നത്. പുസ്തകങ്ങളും സൗജന്യമാണ്. ബിരുദാനന്തരബിരുദം ചെയ്യുന്നവർക്ക് അസൈന്മെന്റിനുള്ള സൗകര്യവും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള സാഹചര്യവുമൊരുക്കും.

സംസ്ഥാനത്തെ ജയിലുകളിൽ ഇതര സംസ്ഥാന കുറ്റവാളികൾപോലും അക്ഷരവെളിച്ചത്തിന്റെ വഴിയിലേക്ക് നടക്കുന്നുവെന്നതാണ് അടുത്തിടെയുള്ള ജയിൽക്കാഴ്ചകൾ. സാക്ഷരതാ മിഷന്റെ സഹായത്തോടെയാണ് പരിപാടി നടത്തുന്നത്. സഹവാസം വിലക്കിയിട്ടുള്ള കൊടും ക്രിമിനലുകൾ ഒഴികെയുള്ള എല്ലാവർക്കും പഠനസൗകര്യം അനുവദിച്ചിട്ടുണ്ട്.