പരിയാരം: ഞണ്ടിനെ പിടിക്കാൻ കുത്തിയ ഇരുമ്പുകമ്പി ലക്ഷ്യം തെറ്റി യുവാവിന്റെ കാലിൽ തുളച്ചുകയറി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചശേഷം യുവാവിന്റെ കാലിലെ കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നീണ്ടു നിന്ന കമ്പി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മുറിച്ച് മാറ്റിയ ശേഷമാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ആന്തൂർ തളിയിലെ എം.സി. ഹരീഷിന്റെ (25) കാലിന്റെ മധ്യത്തിലൂടെയാണ് കമ്പി തുളച്ചുകയറിയത്. രാത്രിയിൽ കമ്പിൽക്കടവ് ഭാഗത്തുനിന്ന് ഞണ്ടിനെ പിടിക്കാൻ ഇരുമ്പുകമ്പി കുത്തിയിറക്കിയപ്പോൾ അത് കാലിലൂടെ തുളച്ച് കയറുകയായിരുന്നു. രക്തപ്രവാഹം കൂടി അബോധാവസ്ഥയിലായ ഹരീഷിനെ തുളച്ചുകയറിയ കമ്പിയോടുകൂടി നാട്ടുകാർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

നീളമുള്ള കമ്പിയായതിനാൽ മുറിക്കാതെ അത്യാഹിതവിഭാഗത്തിൽനിന്ന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കടത്താനാവാതെ വന്നു. ഉടൻ പയ്യന്നൂർ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തി കമ്പി മുറിച്ചുനീക്കി. തുടർന്ന് ഹരീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കാലിനകത്തെ കമ്പിയുടെ കഷണം പുറത്തെടുത്തു. ആന്തൂർ നഗരസഭ ബഡ്സ് സ്‌കൂളിലെ താത്കാലിക ഡ്രൈവറാണ് ഹരീഷ്.