- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗരറ്റ് കാറിൽ കൊണ്ടുക്കൊടുക്കാത്തതിന് അംഗപരിമിതന്റെ കട കാറുകൊണ്ട് ഇടിച്ചുതകർത്തു; കാലിനു ഗുരുതരമായി പരിക്കേറ്റ കടയുടമ ആശുപത്രിയിൽ: പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
ചടയമംഗലം: സിഗരറ്റ് കാറിൽ കൊണ്ടുക്കൊടുക്കാത്തതിന് അംഗപരിമിതന്റെ കട യുവാവ് കാറുകൊണ്ട് ഇടിച്ചുതകർത്തു. ഇടിയുടെ ആഘാതത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റ കടയുടമ മോഹനനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗരറ്റ് വാങ്ങാനായി കാറിൽ കടയിലെത്തിയ ആയൂർ സ്വദേശി സദ്ദാം ആണ് അതിക്രമം നടത്തിയത്.
എം.സി.റോഡിൽ ആയൂർ ശില്പ ഹോട്ടലിനു സമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കടയുടമ മോഹനനോട് സിഗരറ്റ് കാറിനടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. താൻ അംഗപരിമിതനാണെന്നും ഇറങ്ങിവരാൻ പറ്റില്ലെന്നും മോഹനൻ പറഞ്ഞു. എന്നാൽ സിഗരറ്റുകൊണ്ടുവരാൻ സദ്ദാം വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ ഇതു മോഹനൻ അനുസരിക്കാത്തതിൽ കലി പൂണ്ട് കാർ ഇടിച്ചു കയറ്റുക ആിരുന്നു.
കാർ പിന്നിലേക്ക് എടുത്ത ശേഷം മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകർക്കുകയായിരുന്നു. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെ ആൾക്കാരാണ് തകർന്ന കടയ്ക്കുള്ളിൽനിന്ന് മോഹനനെ പുറത്തെടുത്തത്. മോഹനന്റെ ഇടതുകാലിനു ഗുരുതരമായി പരിക്കേറ്റു. ചടയമംഗലം എസ്.എച്ച്.ഒ. സുനീഷ്, എസ്‌ഐ.മാരായ മോനിഷ്, ദിലീപ് എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച പുലർച്ചെ ആയൂരിൽനിന്ന് പ്രതിയെ അറസ്റ്റു ചെയ്തു. കട ഇടിച്ചുതകർക്കാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഇയാൾക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



