കോഴിക്കോട്: മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ അനാട്ടമി വിഭാഗം ലക്ചററെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം അദ്ധ്യാപകൻ കെ അനിൽകുമാറിനെതിരെയാണ് നടപടി.

വിദ്യാർത്ഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നടപടി എടുത്തത്. കൂടുതൽ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകൻ ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യവും കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാൽ അദ്ധ്യാപകനെ ക്ലാസ് ചുമതലയിൽനിന്ന് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയത്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.