ന്യുഡൽഹി: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകിയിട്ടില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടുമെന്നും ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു 12 വിഷയങ്ങളിലെ വിശദീകരണമാണ് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഗവർണർക്കു ലഭിക്കുന്ന പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ അയച്ചുകൊടുക്കുന്നതു പതിവാണ്. എന്നാൽ സാമ്പത്തിക അടിയന്തരാവസ്ഥ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന കത്താണു ചീഫ് സെക്രട്ടറിക്കു രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി അയച്ചത്.8 പേജുള്ള നിവേദനത്തിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 12 കാര്യങ്ങൾ പറയുന്നുണ്ട്. ഇതിലെല്ലാം ഗവർണർ വിശദീകരണം തേടിയിട്ടുമുണ്ട്.

പൊതുപ്രവർത്തകനായ ആർഎസ് ശശികുമാറാണ് സംസ്ഥാനത്ത് സാമ്പത്തിക അടിന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശചെയ്യണമെന്ന നിവേദനം ഗവർണർക്ക് നൽകിയത്. സിവിൽ സപ്ലൈസും കെഎസ്ആർടിസിയും കടന്നുപോകുന്ന സാമ്പത്തിക ഞെരുക്കം അക്കമിട്ട് നിവേദത്തിൽപറയുന്നുണ്ട്. കെഎസ്ആർടിസി സംബന്ധിച്ച കേസിൽ സാമ്പത്തിക ഞെരുക്കം വിശദീകരിക്കുന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലവും നിവേദനത്തിൽ വിശദമായി പരാമർശിക്കുന്നു.