കോഴിക്കോട്: ദേശീയ വനിതാ ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടി ലധിയാനയിൽ നിന്നും മടങ്ങി എത്തുന്ന കേരള താരങ്ങൾക്കു ട്രെയിനിൽ ദുരിതയാത്ര. സ്ലീപ്പർ കോച്ചിലാണ് താരങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കിയത്. ഈ സീറ്റുകൾ മറ്റു യാത്രക്കാർ കയ്യടക്കി. ഒന്ന് ഉറങ്ങാനോ ടോയ്ലറ്റിൽ പോലും പോകാനോ കഴിയാതെ ബർത്തിൽ തന്നെ തുടരേണ്ട അവസ്ഥയാണ്. കൂട്ടത്തിൽ പിരീഡ്‌സ് ആയ പെൺകുട്ടികളുണ്ട്. അവർ ടോയ്‌ലറ്റിൽ പോകാൻ കഴിയാതെ വിഷമിക്കുകയാണെന്നും താരങ്ങൾ പ്രതികരിച്ചു.

''ട്രെയിനിൽ നിന്നുതിരിയാൻ സ്ഥലമില്ല, ഞങ്ങളുടെ സീറ്റുകൾ മറ്റ് യാത്രക്കാർ കയ്യടക്കി. ആരൊക്കെയോ വരുന്നു പോകുന്നു. ഞങ്ങളുടെ ചാർജർ, വെള്ളം എന്നിവ ഉപയോഗിക്കുന്നു. ടോയ്ലെറ്റിൽ പോകാനുള്ള സൗകര്യം പോലുമില്ല. നാട്ടിലെത്താൻ ഇനിയും ഒന്നരദിവസത്തെ യാത്രയുണ്ട്. എന്തുചെയ്യണമെന്ന് അറിയില്ല.'' ടീം ക്യാപ്റ്റൻ ഗ്രിമ വ്യക്തമാക്കി.

സ്ലീപ്പർ ക്ലാസാണെന്ന് ആളുകളോട് പറഞ്ഞെങ്കിലും അവർ കംപാർട്ട്‌മെന്റിലേക്കു തള്ളിക്കയറുകയാണെന്നും ഗ്രിമ പറഞ്ഞു. ''രാത്രി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ കാലിനടുത്ത് വന്നിരിക്കുകയും ലഗേജുകളുടെ കൂട്ടത്തിൽ അവരുടെ ലഗേജുകൾ കൊണ്ടുവയ്ക്കുകയും ചെയ്തു. റെയിൽവേയുടെ നമ്പരിൽ വിളിച്ച് പരാതി പറഞ്ഞു. അവർ വന്ന് ആളുകളെ മാറ്റിയെങ്കിലും അടുത്ത സ്റ്റേഷനിലെത്തി വീണ്ടും ആളുകൾ കയറി. കൂട്ടത്തിൽ പിരീഡ്‌സ് ആയ പെൺകുട്ടികളുണ്ട്. അവർക്ക് ടോയ്ലെറ്റിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. അധികാരികൾ കുറച്ചുകൂടി കരുതൽ കാണിക്കണം.'' ഗ്രിമ കൂട്ടിച്ചേർത്തു.

അമൃത്സർമുംബൈ സിഎസ്ടി എക്സ്‌പ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിനു അടുത്തുള്ള സ്‌പെഷൽ സ്ലീപ്പർ കോച്ചിലാണ് താരങ്ങളുടെ യാത്ര. തിങ്കളാഴ്ച രാവിലെ 11.40നാണ് ലുധിയാനയിൽനിന്ന് താരങ്ങൾ യാത്ര തിരിച്ചത്. എന്നാൽ ട്രെയിനിൽ ഒന്നു ടോയ്‌ലറ്റിൽ പോകാൻ പോലും കഴിയാതെ വല്ലാതെ കഷ്ടപ്പെടുകയാണ് ഈ പെൺകുട്ടികൾ.

ലുധിയാനയിൽ ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കേരളാ ടീമിന് സ്ലീപ്പർകോച്ചിലാണ് യാത്രാസൗകര്യം ഒരുക്കിയിരുന്നത്. ഈ ടൂർണമെന്റിൽ എല്ലാ കളികളിലും തോറ്റ മഹാരാഷ്ട്ര ടീം ഇതേ ട്രെയിനിൽ മറ്റൊരു എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് അഞ്ച് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട കേരളാ ടീം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നത്.