കൊട്ടാരക്കര: നിയന്ത്രണംവിട്ട കാറിനും നടപ്പാതയിലെ കമ്പിയഴിക്കും ഇടയിൽപെട്ടു ഞെരുങ്ങി യുവതിക്ക് ദാരുണാന്ത്യം. നെടുവത്തൂർ പ്ലാമൂട് രഞ്ജിനി ഭവനിൽ ഐ.എസ്.ശാന്തിനി(33)യാണ് അതിദാരുണമായി മരിച്ചത്. എം.സി.റോഡിൽ പുലമൺ ജങ്ഷനിൽ ചൊവ്വാഴ്ച രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

ശബരിമല തീർത്ഥാടകരുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. പുലമൺ എൽ.ഐ.സി. കോംപ്ലക്‌സിൽനിന്ന് എം.സി.റോഡിലേക്ക് ഇറങ്ങിയ കാറിൽ അടൂർഭാഗത്തുനിന്ന് എത്തിയ ശബരിമല തീർത്ഥാടകരുടെ കാർ ഇടിക്കുകയും ഇടിയേറ്റ കാർ കറങ്ങിനിരങ്ങി നടപ്പാതയോടുചേർന്ന് റോഡ് കുറുകേ കടക്കാൻ നിൽക്കുകയായിരുന്ന ശാന്തിനിയെ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിനും നടപ്പാതയിലെ കമ്പിയഴിക്കും ഇടയിൽപെട്ടു ഞെരുങ്ങിയ ശാന്തിനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിൻചക്രങ്ങൾക്കിടയിൽകുരുങ്ങി ഇടതുപാദം അറ്റുപോകുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ഉടൻ ശാന്തിനിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ശാന്തിനിയോടൊപ്പമുണ്ടായിരുന്ന ശരണ്യ(28)ക്കും പരിക്കേറ്റിരുന്നു.

പുലമണിലുള്ള പി.എസ്.സി. പരീക്ഷാപരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു ശാന്തിനി. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നെടുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഇന്ദിരയുടെയും ശശിധരന്റെയും മകളാണ്. ഭർത്താവ്: അനു. മക്കൾ: അവന്തിക, ആരുഷ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.