ഇരിട്ടി: മൈസൂരുവിലെ കുടകിൽ സ്വർണംവിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നെന്ന പരാതിയിൽ ദുരൂഹതയെന്ന് പൊലീസ്. അന്വേഷണം സ്വർണക്കടത്ത് സംഘങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കവർച്ചയ്ക്കിരയായ മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ. ഷംജദ് (38) നൽകിയത് തെറ്റായ വിവരമാണെന്ന് പൊലീസ് പറയുന്നു.

ഷംജാദ് മൈസൂരുവിലെ സ്വർണക്കടയിൽ വിറ്റ സ്വർണത്തിന്റെ അളവിലും ലഭിച്ച പണത്തിലും വ്യത്യാസം ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് അന്വേഷണം സ്വർണക്കള്ളക്കടത്ത് സംഘങ്ങളിലേക്ക് തിരിഞ്ഞത്. കർണാടകയിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഷംജാദ് കടയിൽ വിറ്റ സ്വർണം കണ്ടെടുത്തു. ഭാര്യയുടെ 750 ഗ്രാം സ്വർണാഭരണം വിറ്റുകിട്ടിയ 50 ലക്ഷം രൂപയുമായി നാട്ടിലേക്ക് വരുമ്പോഴാണ് കൊള്ളയടിച്ചതെന്നായിരുന്നു ഷംജാദ് ഗോണിക്കുപ്പ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ വിറ്റത് 993 ഗ്രാം സ്വർണമാണെന്നും 62 ലക്ഷം രൂപ കൈപ്പറ്റിയതായും സ്വർണക്കടയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

നികുതിവെട്ടിക്കുന്നതിന് ബില്ലില്ലാതെയാണ് പണം നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരുടെ അന്വേഷണം സ്വർണക്കള്ളക്കടത്ത് സംഘങ്ങളിലേക്കും കേരളത്തിലേക്കും വ്യാപിപ്പിക്കും. ഷംജാദിനെ വീണ്ടും ചോദ്യംചെയ്യും. ഇടപാടിൽ നികുതിവെട്ടിപ്പും ഉണ്ടായതിനാൽ ബന്ധപ്പെട്ട വകുപ്പുകളെയും അന്വേഷണത്തിന്റെ ഭാഗമാക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് കേരളത്തിലെത്തിയിട്ടുണ്ട്.

ഗോണിക്കുപ്പയ്ക്ക് സമീപം ദേവരാപുരയിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെ ഷംജാദ് സഞ്ചരിച്ചിരുന്ന കാർ തട്ടിക്കൊണ്ടുപോയി പണം കർന്നശേഷം വിജനമായ സ്ഥലത്ത് ഇറക്കിവിട്ടുവെന്നായിരുന്നു പരാതി. വാഹനങ്ങളിലെത്തിയ പതിനഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് കൊള്ളയടിച്ചതെന്നും മലയാളത്തിലായിരുന്നു ഇവർ സംസാരിച്ചതെന്നും ഷംജാദ് പൊലീസിന് മൊഴിനൽകിയിരുന്നു. കുടക് അഡീഷണൽ എസ്‌പി.യുടെയും ഡിവൈ.എസ്‌പി.യുടെയും നേതൃത്വത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും ഉൾപ്പെട്ട പ്രത്യേകസംഘത്തെ കേസന്വേഷണത്തിനായി കുടക് ജില്ലാ പൊലീസ് മേധാവി കെ. രാമരാജൻ നിയമിച്ചിരുന്നു.