കൊച്ചി: വയനാട് സുൽത്താൻ ബത്തേരി വാകേരിയിൽ കർഷകനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് സ്ഥിതിഗതികളുടെ പ്രാധാന്യം കണക്കിലെടുത്ത്. ഹർജിക്കാരന് കോടതി 25,000 രൂപ പിഴയും ചുമത്തി.

അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റിയാണ് കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്ന് പൊതുതാൽപ്പര്യ ഹർജിയിൽ ആരോപിച്ചിരുന്നു.

പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമർപ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഒരു ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്നും കോടതി ചോദിച്ചു. കൂടല്ലൂരിലെ ക്ഷീരകർഷകൻ പ്രജീഷാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.