ഇരിട്ടി: പൊലീസ് സ്റ്റേഷന് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. സാരമായി പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലബാർ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥി കീഴ്പ്പള്ളി കോഴിയോട് തട്ടിലെ ആമിക്കര ഹൗസിൽ ദീപു ജയപ്രകാശ് (21) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥി പുന്നാട് പാറേങ്ങാട്ടെ സംഗീത് ശശിയെ (22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ക്ലാസ് കഴിഞ്ഞ് ഇരുവരും കല്ലുംമുട്ടിയിലെ കുടുംബശ്രീ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ പോവുകയായിരുന്നു. കൂട്ടുപുഴ ഭാഗത്തുനിന്ന് ഇരിട്ടിഭാഗത്തേക്ക് വരികയായിരുന്ന മിക്സർ യൂണിറ്റ് ലോറിയുമായി ഇടിച്ചാണ് അപകടം. ദീപു പ്രകാശ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം മുടങ്ങി. പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കോഴിയോട് തട്ടിലെ ജയപ്രകാശിന്റെയും മീനയുടേയും മകനാണ് ദീപു പ്രകാശ്. സഹോദരി ദിവ്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.