കാസർകോട്: ജോലിസമയത്ത് ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ മൊബൈൽഫോൺ ഉപയോഗിക്കുന്നത് വിലക്കി ഓംബുഡ്‌സ്മാന്റെ ഉത്തരവ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽഫോൺ നൽകിയിട്ടുള്ള ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും മൊബൈൽഫോൺ ഉപയോഗിക്കരുതെന്നാണ് ഉത്തരവ്.

മലപ്പുറം തവനൂർ പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിക്കെതിരേ മലപ്പുറം നടക്കാവ് പാണാപള്ളി പുരയിടത്തിലെ അബ്ദുൽ മൻസൂർ നൽകിയ ഹർജിയിലാണ് നടപടി. വിലക്ക് സംബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലേക്കും നിർദ്ദേശം നൽകാൻ ജോയിന്റ് ഡയറക്ടറെ ഓംബുഡ്സ്മാൻ ചുമതലപ്പെടുത്തി. പഞ്ചായത്ത് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസിൽ ഇരിക്കുന്നവർ മതിയായ പരിചയമുള്ളവരായിരിക്കണമെന്നും ഉത്തരവിലുണ്ട്.