തിരൂർ: മോഷ്ടിച്ച ബൈക്കുമായി എത്തി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ രക്ഷപ്പെട്ട മോഷ്ടാവ് പരിസരത്തെ വീട്ടിൽ നിർത്തിയിട്ട മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതിനിടെ പിടിയിലായി. ഇന്നലെ പുലർച്ചെ പുറത്തൂർ രുദ്രമാല ക്ഷേത്രത്തിലാണ് സംഭവം. ഭണ്ഡാരം തകർക്കുന്ന ശബ്ദം കേട്ട് പരിസരവാസികൾ എത്തിയതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. പിന്നീട് പരിസരത്തെ മറ്റൊരു വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

പൊന്നാനി സ്വദേശി നാലകത്ത് ഷാഫി(38) ആണ് പിടിയിലായത്. പൊന്നാനിയിൽ നിന്ന് മോഷ്ടിച്ച മറ്റൊരു ബൈക്കിലാണ് ഇയാൾ ക്ഷേത്രത്തിൽ കവർച്ചയ്‌ക്കെത്തിയത്. ആളുകൾ ബഹളം വച്ചതിനെത്തുടർന്ന് ആ ബൈക്ക് ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പിന്തുടർന്നതോടെ പുറത്തൂർ കളൂരിലെ വീട്ടു മുറ്റത്ത് നിർത്തിയിട്ട മറ്റൊരു ബൈക്ക് കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതത്.

പിന്നീട് പൊലീസ് എത്തി ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ നാണയങ്ങളും 10,20 രൂപ നോട്ടുകളും ഉൾപ്പെടെ 4040 രൂപ കണ്ടെത്തി. ഇത് ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നും പ്രതി സ്ഥിരം മോഷ്ടാവാണെന്നും പൊലീസ് പറഞ്ഞു.