വാളയാർ: 26.65 ലക്ഷത്തിന്റെ കുഴൽപ്പണവുമായി മഹാരാഷ്ട്ര താനെ സ്വദേശി വാളയാറിൽ എക്‌സൈസ് പിടിയിലായി. കുഴൽപണക്കടത്തിനു വേണ്ടി പ്രത്യേകം തയാറാക്കിയ 'കാഷ് ബനിയൻ' വിദ്യയാണ് എക്‌സൈസ് പൊക്കിയത്. ഷർട്ടിനടിയിലിടാൻ പ്രത്യേക ബനിയനുണ്ടാക്കി ശരീരത്തിൽ കെട്ടിയൊളിപ്പിച്ചാണ് പണവുമായി എത്തിയത്. 20കാരനായ താനാജി ഷിൻഡെയാണ് അറസ്റ്റിലായത്.

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടു സീറ്റിൽ നിന്നു മാറാൻ ശ്രമിച്ചതോടെ ഇയാളെ പിടികൂടുകയായിരുന്നു. തുടർ പരിശോധനയിലാണ് കാഷ് ബനിയനിലെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ള ബനിയനിൽ രഹസ്യ അറകൾ തുന്നിപ്പിടിപ്പിച്ചു ഇതിനകത്താണ് 500 രൂപയുടെ നോട്ടുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്. ഷർട്ടിനുള്ളിലായതിനാൽ എളുപ്പം കണ്ടെത്തില്ലെന്ന വിശ്വാസത്തിലാണ് ഈ രീതി ഉപയോഗിച്ചത്.

കോയമ്പത്തൂരിൽ നിന്നു പട്ടാമ്പിയിലേക്കാണു പണം കൊണ്ടുപോയിരുന്നത്. ഈ വിദ്യ ഉപയോഗിച്ചു മുൻപും ഇയാൾ കുഴൽപണം കടത്തിയിരുന്നെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. ക്രിസ്മസ് പുതുവർഷ സ്‌പെഷൽ ഡ്രൈവിനോടനുബന്ധിച്ചു ജില്ലാ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പണം പിടിച്ചത്. ഇയാളെ തുടർനടപടികൾക്കായി വാളയാർ പൊലീസിനു കൈമാറി.

എക്‌സൈസ് ഇൻസ്പെക്ടർ വി.സജീവ്, പ്രിവന്റീവ് ഓഫിസർമാരായ എസ്.രാജേന്ദ്രൻ, ജിഷു ജോസഫ്, കെ.പി.അനീഷ്, ജി.ശ്രുതീഷ്, വി.സുജീഷ്, എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.