എടപ്പാൾ: ജോലിതേടി വിദേശത്തേക്കുപോയശേഷം കാണാതായ ഏകമകനെത്തേടി കുടുംബം കാത്തിരിക്കുന്നു. മകനെ കണ്ടെത്താൻ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ഫലമില്ലാതായതോടെ സിബിഐ. അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എടപ്പാളിനടുത്ത നെല്ലിശ്ശേരി മുക്കടേക്കാട്ട് ജംഷീറിനെ (24) യാണ് വിദേശത്ത് പോയി മാസങ്ങൾക്ക് പിന്നാലെ കാണാതായത്.

മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പിതാവ് അബ്ദുൾലത്തീഫ് ഹൈക്കോടതിയെ സമീപിച്ചു. 2022 നവംബർ 12-ന് വിസിറ്റിങ് വിസയിലാണ് ജംഷീർ കരിപ്പൂരിൽനിന്ന് യു.എ.ഇ.യിലേക്കു വിമാനം കയറിയത്. എറണാകുളത്തുള്ള ഒരു കമ്പനിയാണ് യുഎഇയിലേക്ക് പോകാൻ സൗകര്യങ്ങൾ ഒരുക്കിയത്. കുറച്ചുമാസത്തിനുശേഷം അവിടെ സെയിൽസ്മാനായി ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ വർഷം മാർച്ച് 22-ന് വിസ കാലാവധി തീർന്നു. 29-ന് വിളിച്ചപ്പോഴും യു.എ.ഇ.യിലുണ്ടെന്ന് പറഞ്ഞ ജംഷീർ ഏപ്രിൽ നാലുവരെ വീട്ടുകാരെ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതെല്ലാം നിലച്ചു. ഫോൺ സ്വിച്ച്ഓഫ് ആയി -പിതാവ് പറയുന്നു.

യു.എ.ഇ.യിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിമാനത്താവളത്തിൽ നടത്തിയ അന്വേഷണത്തിൽ മാർച്ച് 22-ന് ഹൈദരാബാദിലേക്കു പോന്നതായും 23-ന് അവിടെ ഇറങ്ങിയതായും വിവരംകിട്ടി. ഒരുപാട് അന്വേഷിച്ചെങ്കിലും പിന്നീട് ജംഷീറിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് കുടുംബം ചങ്ങരംകുളം പൊലീസ്, ജില്ലാ പൊലീസ് മേധാവി, ഡി.ജി.പി., മുഖ്യമന്ത്രി, എംഎ‍ൽഎ. തുടങ്ങിയവർക്കെല്ലാം പരാതി നൽകി. ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലും ഹൈദരാബാദിൽ ഇറങ്ങിയെന്നത് സ്ഥിരീകരിച്ചു. എന്നാൽ ജംഷീർ എങ്ങോട്ട് പോയെന്ന് നിശ്ചയമില്ല.

പിതാവും മാതാവും മാത്രമാണ് വീട്ടിലുള്ളത്. മകനെ കാണാതെ വിഷമിക്കുന്ന കുടുംബം, കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഡ്വ. എ. ഹാറൂൺ റഷീദ്, പി. ജയറാം എന്നിവർ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേസിന്റെ അന്വേഷണപുരോഗതി അറിയിക്കാൻ സർക്കാരിനും കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമറിയിക്കാൻ സിബിഐ.ക്കും നിർദ്ദേശം നൽകി.