ആലപ്പുഴ: പ്രേമനൈരാശ്യത്തെ തുടർന്ന് പെൺകുട്ടിയെ ഹെൽമറ്റിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നൂറനാട് വടക്കേകാലായിൽ വീട്ടിൽ അനന്തുവിനെ (24) ആണ് പൊലീസ് പിടികൂടിയത്. ഇയാൾ നാളുകളായി ഒരു പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ഒപ്പം വീട്ടിലേക്ക് വരണമെന്ന ഇയാളുടെ ആവശ്യം നിഷേധിച്ചപ്പോൾ ഹെൽമറ്റിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു.

നാളുകളായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്ന ഇയാൾ തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നപ്പോൾ ഒഴിഞ്ഞുമാറി നടന്നെങ്കിലും കഴിഞ്ഞദിവസം പെൺകുട്ടിയെ പ്രതി കാണുകയും വീട്ടിലേയ്ക്ക് വരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. വഴങ്ങാതിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് പ്രതി പെൺകുട്ടിയെ മാരകമായി ഉപദ്രവിച്ചു.

പെൺകുട്ടിയുടെ മൂക്ക് പൊട്ടുകയും തലയിലും കയ്യിലും പരിക്ക് പറ്റുകയും ചെയ്തു. പിന്നീട് പെൺകുട്ടി ഓടി രക്ഷപെടുകയും നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ഒളിവിൽപോയ പ്രതിയെ ചാരുംമൂട് നിന്നും അറസ്റ്റ് ചെയ്തു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.