തൃശൂർ: സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ചോദിച്ച 30കാരി ബസ് പൊലീസ് സ്‌റ്റേഷനിൽ വരെ കയറ്റി. ഒടുവിൽ കണ്‌സെഷൻ ലഭിക്കില്ലെന്ന് മനസ്സിലായതോടെ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്നും മാപ്പു പറയണമെന്നു പൊലീസിനോട് പരാതി പറഞ്ഞു എന്നിട്ടും ജീവനക്കാർ വഴങ്ങുന്നില്ലെന്ന് മനസ്സിലായതോടെ പരാതി ഏതുമില്ലാതെ ഭർത്താവിനേയും കൂട്ടി യുവതി മടങ്ങി.

സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായ 30 വയസുകാരി വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ചോദിച്ചു. എന്നാൽ കൺസെഷൻ തരില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതോടെ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെയെന്ന് യുവതി പറഞ്ഞു. എന്നാൽ യുവതിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങാൻ ബസ് ജീവനക്കാർ തയ്യാറായില്ല. പൊലീസ് സ്റ്റേഷനെങ്കിൽ പൊലീസ് സ്റ്റേഷനെന്ന് ജീവനക്കാരും ഉറച്ച നിലപാടെടുത്തതോടെ നിയമത്തിന് മുന്നിൽ കീഴടങ്ങി യുവതി പരാതിയില്ലാതെ മടങ്ങി.

തൃശൂർ - കുറ്റിപ്പുറം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നൽകാതെ ബസ് കണ്ടക്ടർ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു പരാതി. എടപ്പാളിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയായിരുന്നു 30 വയസുകാരി. തനിക്ക് കൺസഷന് അവകാശമുണ്ടെന്നായിരുന്നു യുവതിയുടെ വാദം

എന്നാൽ കൺസഷനെക്കുറിച്ചുള്ള പഴയതും പുതിയതുമായ സർക്കാർ ഉത്തരവുകളുമായി ബസ് ജീവനക്കാർ പൊലീസിനു മുന്നിൽ പ്രതിരോധം തീർത്തതോടെ പൊലീസും കൈമലർത്തി. കണ്ടക്ടർ കൺസെഷൻ തന്നില്ലെന്നും തന്നോട് മോശമായി പെരുമാറിയെന്നും പറഞ്ഞു ഭർത്താവുമൊന്നിച്ച് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ജീവനക്കാർക്കായി പുതിയതായി രൂപീകരിച്ച സംഘടനയുടെ ജില്ലാ ഭാരവാഹിയെയും കൊണ്ടാണ് ബസ് ജീവനക്കാർ സ്റ്റേഷനിലെത്തിയത്. രേഖകൾ സഹിതം കാര്യങ്ങൾ വിശദീകരിച്ചപ്പോൾ യുവതിയും ഭർത്താവും കുഴഞ്ഞു. 25 വയസ് വരെയാണ് നിലവിൽ കൺസെഷന് അർഹതയെന്നും ജനുവരി ഒന്നു മുതൽ ഇത് 27 വയസ് വരെ ആക്കിയിട്ടുണ്ടെന്നുമുള്ള സർക്കാർ ഉത്തരവ് ഇവർ കൊണ്ടുവന്നു.

യുവതി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പലിനെ പൊലീസ് ഫോണിൽ വിളിച്ചപ്പോഴും വിദ്യാർത്ഥിനിയായ യുവതിയുടെ വയസ് 30 ആണെന്ന് ബോധ്യപ്പെട്ടു. ഇതോടെ അസഭ്യം പറഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ വച്ച് മോശമായി പെരുമാറിയെന്നായി യുവതി. പരാതിയിൽ ഉറച്ചുനിന്നതോടെ കേസെടുക്കുമെന്ന് പൊലീസുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. എന്നാൽ കേസ് വേണ്ടന്നും മോശമായി പെരുമാറിയതിന് ജീവനക്കാർ ക്ഷമാപണം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും അതിനും ജീവനക്കാർ തയാറായില്ല. ഒടുവിൽ പരാതി ഏതുമില്ലാതെ യുവതി ഭർത്താവിനോടൊപ്പം മടങ്ങുകയായിരുന്നു.