കുമളി: തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. കമ്പം മന്തയമ്മൻകോവിൽ തെരുവിൽ ജഗദീശൻ (20), ആണ്ടിപ്പെട്ടി കടമലക്കുണ്ട് സ്വദേശി ശിവൻ (24) എന്നിവരാണ് പിടിയിലായത്.

പ്രതികൾ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പം-കോബൈ റോഡിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ മുന്തിരി തോട്ടത്തിലേക്ക് വാഹനം ഒടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലേക്ക് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി.