മൂന്നാർ: വീട്ടിനുള്ളിൽ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും വീടുപൂട്ടി ഭർത്താവും ബന്ധുക്കളും പോയി. ഇതോടെ ഭർതൃവീട്ടിൽ പ്രവേശിക്കാനാവാതെ ഭാര്യയും മക്കളും മുറ്റത്ത് താമസിക്കുകയാണ്. മാങ്കുളം വിരിപാറ പയറ്റുകാലായിൽ സോജിയുടെ ഭാര്യ പ്രിയയും (38) രണ്ടു പെൺമക്കളുമാണു ഭർത്താവും ബന്ധുക്കളും വീടു പൂട്ടി പോയതോടെ രണ്ടു ദിവസമായി മുറ്റത്തു കഴിയുന്നത്.

പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന പെൺകുട്ടികളാണ് നാലു ചുവരിന്റെ അഭയമില്ലാതെ മുറ്റത്ത് കഴിയു്ന്നത്. മാത്രമല്ല കുട്ടികളുടെ പാഠപുസ്തകങ്ങൾ വീട്ടിനകത്ത് ആയതിനാൽ അവർക്കു ക്രിസ്മസ് പരീക്ഷ എഴുതാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ നവംബറിലാണു കുടുംബവഴക്കിനിടയിൽ സോജിയും ബന്ധുക്കളും ചേർന്നു പ്രിയയെ മർദിച്ചത്. അമ്മയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഇളയ കുട്ടിയുടെ കാൽ പിതാവ് ചവിട്ടി ഒടിക്കുകയും മൂത്ത കുട്ടിയുടെ വയറ്റിൽ ചവിട്ടുകയും ചെയ്തിരുന്നു. മൂവരും വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ മൂവരും ഭർതൃവീട്ടിലെത്തിയെങ്കിലും ഭർത്താവും ബന്ധുക്കളും ഇവരെ കയറ്റിയില്ല. തുടർന്നു കോടതിയെ സമീപിച്ചതോടെയാണു പൊലീസ് സംരക്ഷണയിൽ വീട്ടിൽ കയറ്റാൻ കോടതി ഉത്തരവു നൽകിയത്. ഇതനുസരിച്ച് ശനിയാഴ്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ മൂവരും എത്തിയെങ്കിലും വീട് പൂട്ടി ഭർത്താവും ബന്ധുക്കളും സ്ഥലം വിട്ടു. ഇതോടെയാണ് മുറ്റത്തു താമസമാരംഭിക്കേണ്ടിവന്നത്.

സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവർക്കും പ്രതികളിൽനിന്നുള്ള മാനസികവും ശാരീരികവുമായ സംരക്ഷണം നൽകാനാണു കോടതി ഉത്തരവെന്നും പൂട്ടു പൊളിച്ച് ഇവരെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നുമാണു പൊലീസ് പറയുന്നത്.