തിരുവനന്തപുരം: മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 137 അടിയായിട്ടാണ് ഉയർന്നത്. 142 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി. ഡാം തുറക്കേണ്ട സാഹചര്യമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്.