കോട്ടയം: മുക്കുപണ്ടം നിർമ്മിച്ച് കേരളത്തിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽലായി. തൃശ്ശൂർ കൂർക്കഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് പുതുക്കോട് മാട്ടുവഴി പറക്കുന്നിൽ അബ്ദുൾസലാം (29), ഇടുക്കി കുട്ടപ്പൻസിറ്റി കുന്നത്ത് അഖിൽബിനു (28), കോതമംഗലം പോത്തനാംകാവുംപടി പാറേക്കുടിച്ചാലിൽ സി.എ. ബിജു (46) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ. പ്രശാന്ത്കുമാർ അറസ്റ്റുചെയ്തത്.

കോട്ടയം വേളൂർ മാണിക്കുന്നത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്്. സ്ഥാപനത്തിലെത്തിയ പ്രതി ദിൽജിത്തിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. അന്വേഷണത്തിൽ പ്രതി മുക്കുപണ്ടം നിർമ്മിച്ച് പണം തട്ടുന്ന സംഘത്തിലെ കണ്ണിയാണെന്ന് കണ്ടെത്തി. തുടർന്ന് മറ്റ് പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴാം തീയതിയായിരുന്നു സംഭവം.

അബ്ദുൾസലാമിന് പട്ടാമ്പി, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാൽ, തൃശ്ശൂർ ഈസ്റ്റ്, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിലും, അഖിൽ ബിനുവിന് മലയാലപ്പുഴ, ഇടുക്കി, കിളികൊല്ലൂർ, ഇടുക്കി സ്റ്റേഷനുകളിലും, ബിജുവിന് കനകക്കുന്ന്, തൊടുപുഴ, വീയപുരം, അമ്പലപ്പുഴ, വെള്ളത്തൂവൽ, ആലുവ, പന്തളം, ചങ്ങനാശ്ശേരി, കുറവിലങ്ങാട് സ്റ്റേഷനുകളിലും കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

എസ്‌ഐ.മാരായ അജ്മൽ ഹുസൈൻ, കെ. ജയകുമാർ, കെ.രാജേഷ്, സിജു കെ.സൈമൺ, ടി.ആർ. ഷിനോജ്, സി.പി.ഒ.മാരായ ദിലീപ് വർമ, കെ.എം. രാജേഷ്, അരുൺകുമാർ, സിനൂപ്, ഷൈൻ തമ്പി, സുനിൽകുമാർ എന്നിവരാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡുചെയ്തു.