തൃശൂർ: സമ്പാദ്യ കുടുക്കകൾ പൊട്ടിച്ച് സഹപാഠിയുടെ ജപ്തിയായ വീട് തിരികെ പിടിച്ച് സ്‌കൂൾ കുട്ടികൾ. തൃശൂർ സിജെഎംഎ എച്ച്എസ്എസിലെ ആറാംക്ലാസുകാരന്റെ വീടാണ് സഹപാഠികളുടെയും അദ്ധ്യാപകരുടെയും സമയോചിത ഇടപെടലിൽ തിരികെ പിടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വീടുവിട്ടിറങ്ങേണ്ട അവസാന ദിവസമായിരുന്നു. എന്നാൽ വീടിന്റെ ജപ്തി വിവരമറിഞ്ഞ സ്‌കൂൾ അധികൃതരും സഹപാഠികളും ഒരുമിക്കുക ആയിരുന്നു.

സഹപാഠിയും ഹൃദ്രോഗിയായ അമ്മയും നിത്യരോഗിയായ അമ്മൂമ്മയും അടങ്ങുന്നതാണ് കുടുംബം. ഇവർ തെരുവിലിറങ്ങാതിരിക്കാനായി 2,59,728 രൂപയുടെ കടം തീർക്കാൻ അവർ ഒരുമിക്കുക ആയിരുന്നു. 2.98 ലക്ഷം രൂപ സ്വരൂപിച്ചു ബാങ്കിലെ കടം തീർത്തു. ബാക്കിത്തുക കൂട്ടുകാരന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.
നിത്യവൃത്തിക്കും മരുന്നിനും ബുദ്ധിമുട്ടുന്ന സഹപാഠിയുടെ വീടു നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും സഹായിക്കാൻ കഴിയുന്ന തുക 15ന് കൊണ്ടുവരണമെന്നുമുള്ള അറിയിപ്പ് അദ്ധ്യാപകർ നൽകിയത് 13നാണ്.

സ്‌കൂളിൽ സ്ഥാപിച്ച പെട്ടിയിൽ പണമിട്ടാൽ മതിയെന്നും എത്ര രൂപയാണു നൽകിയതെന്ന വിവരം രഹസ്യമായി സൂക്ഷിക്കുമെന്നുമായിരുന്നു അറിയിപ്പ്. നാലു പേർ തങ്ങളുടെ സമ്പാദ്യക്കുടുക്ക അതേപടി കൊണ്ടുവന്നു പൊട്ടിച്ചു. 100 രൂപ മുതൽ 7000 രൂപ വരെ കുടുക്കകളിൽ ശേഖരിച്ചവരുണ്ടായിരുന്നു. ആകെ 1.70 ലക്ഷം രൂപ വിദ്യാർത്ഥികൾ പെട്ടിയിലിട്ടു. 1.28 ലക്ഷം രൂപ അദ്ധ്യാപകരും പിരിവിട്ടു.

പൊതുലേലത്തിനു രണ്ടു ദിവസം മുൻപ് 16നുതന്നെ മുഴുവൻ തുകയും അടച്ചു ബാധ്യത ഒഴിവാക്കി. പ്രധാനാധ്യാപകൻ ജോഫി സി.മഞ്ഞളി, പിടിഎ പ്രസിഡന്റ് പി.സി.ജോസ്, സ്റ്റാഫ് സെക്രട്ടറി ജെലിപ്സ് പോൾ, ഫസ്റ്റ് അസിസ്റ്റന്റ് ജെൽമ കെ.കിഴക്കൂടൻ എന്നിവർക്കൊപ്പം പഞ്ചായത്തംഗം ജോൺ തുലാപറമ്പിലും സന്നദ്ധപ്രവർത്തനത്തിനു നേതൃത്വം നൽകി.