കൊച്ചി: സംസ്ഥാനത്ത് അച്ചടിക്കാനുള്ളത് രണ്ട് ലക്ഷത്തോളം വീതം ഡ്രൈവിങ് ലൈസൻസും വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി). ഇത്രയും രേഖകൾ അച്ചടി കാത്തുനിൽക്കെ ഇന്നലെ മോട്ടർവാഹന വകുപ്പിന്റെ അച്ചടികേന്ദ്രത്തിനു ലഭിച്ചതാവട്ടെ 20,000 ആർസി അച്ചടിക്കാനുള്ള പേപ്പർ മാത്രം. നവംബർ 23ന് ആണ് ഇവിടെ ഒടുവിൽ ആർസി അച്ചടിച്ചത്.

അപേക്ഷ സമർപ്പിച്ചവർ ഇനി ആർസിയും ലൈസൻസും ലഭിക്കാൻ ദീർഘനാൾ കാത്തിരിക്കേണ്ടി വരും. നവംബർ 24, 25 തീയതികളിൽ അച്ചടിക്കേണ്ടിയിരുന്ന ആർസിയാണ് ഇപ്പോൾ ലഭിച്ച പേപ്പർ കൊണ്ട് അച്ചടിക്കുക. പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെയും മറ്റാവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിച്ച പഴയ വാഹനങ്ങളുടെയും ആർസിയാണ് അച്ചടിച്ചു വിതരണം ചെയ്യാൻ കഴിയാത്തത്.

രേഖകൾ ലഭിക്കാതായതോടെ ആയിരക്കണക്കിനു വാഹനങ്ങൾ പുറത്തിറക്കാനാകാതെ പ്രതിസന്ധിയിലാണ്. പുതുതായി ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെയും വിലാസം ഉൾപ്പെടെ മാറ്റാനും പുതുക്കാനും നൽകിയവരുടെയും ലൈസൻസുകളും അച്ചടിക്കാനാകുന്നില്ല. ആർസിയും ലൈസൻസും ലഭിക്കാത്ത ഒട്ടേറെ അപേക്ഷകരാണ് ആർടി ഓഫിസുകളിൽ അന്വേഷിച്ചെത്തുന്നത്.