കൊച്ചി: ഫുഡ്ആപ്പ് വഴി 2023-ൽ രാജ്യത്ത് ഏറ്റവുമധികം ആളുകൾ വാങ്ങിക്കഴിച്ച ഭക്ഷണം ബിരിയാണി. ഇന്ത്യയിൽ ഓരോ മിനിറ്റിലും 150 ബിരിയാണിവീതം ഓർഡർ ചെയ്യുന്നതായി ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ കണക്കുകൾ പറയുന്നു. ദിവസം കുറഞ്ഞത് നാല് എന്ന കണക്കിൽ വർഷം 1633 ബിരിയാണി വരുത്തിയ ഹൈദരാബാദുകാരനാണ് 'ബിരിയാണി പ്രേമി'കളിൽ ഒന്നാംസ്ഥാനത്ത്.

മുംബൈ സ്വദേശിയായ യുവാവാണ് യഥാർഥ ഭക്ഷണപ്രേമി. 42.3 ലക്ഷം രൂപയുടെ ഭക്ഷണമാണ് അദ്ദേഹം വരുത്തി കഴിച്ചത്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ മിനിറ്റിൽ 271 എന്ന കണക്കിൽ കേക്കുകൾ വിറ്റഴിഞ്ഞു. ദുർഗാപൂജയ്ക്കിടെ ഗുലാബ് ജാമുന് 77 ലക്ഷം ഓർഡറുകൾ ലഭിച്ചു. നവരാത്രി ദിനങ്ങളിൽ വെജ് ഓർഡറുകളിൽ മുന്നിലെത്തിയത് മസാലദോശ. ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന ദിവസം ഇന്ത്യാക്കാർ മിനിറ്റിൽ 188 പിസകൾ ഓർഡർ ചെയ്തതായും കണക്കുകളിലുണ്ട്.