തിരുവനന്തപുരം: രണ്ട് കുട്ടികളിൽ ജീവന്റെ തുടിപ്പായി മാറിയ ശേഷം ആദർശ് യാത്രയായി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കുന്ന രണ്ട് കുട്ടികൾക്ക് പുതുജീവൻ നൽകിയാണ് ചൊവ്വള്ളൂർ മച്ചനാട് വീട്ടിൽ ആദർശ് മധു (27) ഈ ലോകത്തോട് വിടപറഞ്ഞത്. കുട്ടികൾക്ക് ഹൃദയ വാൽവ് ദാനം ചെയ്ത ശേഷമായിരുന്നു ആദർശിന്റെ മടക്കം. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേന്റെ ആദർശ് ചൊവാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആദർശിന്റെ ജീവനെടുത്ത അപകടം നടന്നത്. ആദർശ് മധു സുഹൃത്തിന്റെ ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് തിരുമല അരയല്ലൂർ ഭാഗത്തെ മതിലിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആദർശ് മധുവിന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. വാഹനം ഓടിച്ച സുഹൃത്തിനും സാരമായ പരുക്കേറ്റു.

തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോട് കൂടി ആദർശ് മരിക്കുകയായിരുന്നു. അച്ഛൻ: മധുസൂദനൻ. അമ്മ: ശോഭന കുമാരി. സഹോദരൻ: അനീഷ് മധു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.