തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരും നഴ്‌സുമാരുമില്ലെന്നതാണ് ആരോപണം. ഇത് ആരോഗ്യ പ്രവർത്തകരിൽ കടുത്ത തൊഴിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതായി കെജിഎംഒഎ പറയുന്നു. രോഗികൾക്ക് മികച്ച സേവനം നൽകുന്നതിനും ആൾക്ഷാമം തടസമാകുന്നുണ്ട്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും പകർച്ചപ്പനി ബാധിതരുടെ എണ്ണം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ ജി എം ഒ എ പ്രതിസന്ധിയിൽ പ്രതികരിക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, നഴ്‌സിങ് അസിസ്റ്റന്റുമാർ എന്നിവരുടെയെല്ലാം എണ്ണക്കുറവ് ജോലി ചെയ്യുന്നവരെ കടുത്ത തൊഴിൽ സമ്മർദ്ദത്തിലേക്ക് തള്ളി വിടുന്ന പ്രശ്‌നം സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഏറെ നാളുകളായി ഉന്നയിക്കുന്നതാണ്.

ഐസിയുവിൽ ഒരു രോഗിക്ക് ഒരു നഴ്‌സ് എന്നതാണ് കണക്കെങ്കിലും ഐസിയുവിലെ മുഴുവൻ രോഗികളയും പരിചരിക്കാൻ ഒന്നോ രണ്ടോ നഴ്‌സുമാർ എന്ന സ്ഥിതി പലയിടത്തുമുണ്ട്.