കൊച്ചി: കപ്പലിൽനിന്ന് കടലിൽ വീണ് കാണാതായ മകന്റെ ഇൻഷുറൻസ് തുക ഉടൻ നൽകാൻ എൽഐസിയോട് നിർദേശിച്ച് ഹൈക്കോടതി. കോട്ടയം കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയുടെ ഇൻഷുറൻസ് തുകയ്ക്കു വേണ്ടി മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ള എൽ.ഐ.സി.യുടെ നിർദ്ദേശം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ള എൽ.ഐ.സി. നിർദ്ദേശം ചോദ്യം ചെയ്ത് ജസ്റ്റിന്റെ അമ്മ കുഞ്ഞമ്മ കുരുവിള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് ഇട്ടത്.

2022 ഫെബ്രുവരി എട്ടിനാണ് ജസ്റ്റിനെ കാണാതായത്. ആഫ്രിക്കയിൽനിന്ന് അമേരിക്കയിലേക്ക് പോയ 'സ്ട്രീം അറ്റ്ലാന്റിക്' എന്ന കപ്പലിൽനിന്ന് ജസ്റ്റിനെ കടലിൽ വീണ് കാണാതാവുകയായിരുന്നു. ചരക്കുകപ്പലിൽ അസി. കുക്കായിരുന്ന ജസ്റ്റിനെ കപ്പലിൽനിന്ന് കാണാതായെന്നും ആൾ ജീവനോടെയില്ലെന്നും പിന്നീട് കേന്ദ്ര ഷിപ്പിങ്, തുറമുഖ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകി. ഇതിനെ തുടർന്ന് കപ്പൽ കമ്പനി നഷ്ടപരിഹാരം നൽകിയിരുന്നു.

എന്നാൽ, ഇൻഷുറൻസ് തുകയ്ക്കായി ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയപ്പോൾ എൽഐസി നിരസിച്ചു. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് എൽ.ഐ.സി. അധികൃതർ ആവശ്യപ്പെട്ടത്. തുടർന്നാണ് ഹർജിക്കാരി അഡ്വ. ദീപു തങ്കൻ വഴി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിനെ 2022 ഫെബ്രുവരി എട്ടിനു കാണാതായെന്ന് പറയുമ്പോഴും ഫെബ്രുവരി പത്തിന് ഇൻഷുറൻസ് പ്രീമിയം അടച്ചിരുന്നു. ഇതിനാൽ മരണ തീയതിയുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്ന് എൽ.ഐ.സി. വാദിച്ചു.

ജസ്റ്റിനെ കപ്പലിൽനിന്ന് കാണാതായെന്നും ആൾ ജീവനോടെയില്ലെന്നും വ്യക്തമാക്കി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം 2022 ഒക്ടോബർ ഏഴിനാണ് സർട്ടിഫിക്കറ്റ് നൽകിയത്. അതുവരെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന അമ്മയുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി മകനെന്തു സംഭവിച്ചെന്ന് അറിയാതെയാണ് പ്രീമിയം അടച്ചതെന്നും വിലയിരുത്തി. തുടർന്ന് എൽ.ഐ.സി.യുടെ നിർദ്ദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേന്ദ്രസർക്കാർ നൽകിയ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി രണ്ടുമാസത്തിനകം നടപടിയെടുക്കാനും ഉത്തരവിട്ടു.