ബെംഗളൂരു: രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാർ സ്വദേശിയുമായ ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ കൊലയ്ക്ക് പിന്നാലെ ഭാര്യ മനീഷ ധാമിയെ (23) പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് ഉമേഷ് കൊല്ലപ്പെട്ടത്.

നഗരത്തിലെ സ്വകാര്യകോളേജിലെ സുരക്ഷാജീവനക്കാരനാണ് ഉമേഷ് ധാമി. ഇതേ കോളേജിലെ ശുചീകരണത്തൊഴിലാളിയാണ് മനീഷ. ബുധനാഴ്ച രാത്രി രാത്രി ഒരുമണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം മനീഷ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതുകണ്ട് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇയാളാണ് ഫോണിലെന്നും ഉമേഷ് ആരോപിച്ചതോടെ ഇരുവരും തമ്മിൽ വാക്തർക്കമായി. തർക്കത്തിനൊടുവിൽ മനീഷ കറിക്കത്തിയെടുത്ത് ഭർത്താവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് ഉമേഷ് മരിച്ചതായി ഹുളിമാവ് പൊലീസ് അറിയിച്ചു.

ബഹളം കേട്ടെത്തിയ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് വീട്ടിലെത്തി മനീഷയെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.