കൊച്ചി: മകളുടെ പീഡന പരാതിയിൽ അറസ്റ്റിലായ പിതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊറിയൻ പോപ്പ് ബ്രാൻഡായ ബി.ടി.എസ്. കാണാൻ അനുവദിക്കാത്തതിനെ തുടർന്നാണ് മകൾ തനിക്കെതിരെ പരാതി നൽകിയതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പിതാവ് ജാമ്യ ഹർജി ഫയൽ ചെയ്തത്. തങ്ങളുടെ മതവിശ്വാസത്തിന് എതിരായതിനാലാണ് താനും ഭാര്യയും ബി.ടി.എസിന്റെ പാട്ടുകൾ കാണുന്നതിൽനിന്ന് പതിനാലുകാരിയായ മകളെ വിലക്കിയത്.

ഇത് മകൾക്ക് ഇഷ്ടമായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പരാതി നൽകിയതെന്ന് പിതാവ് ആരോപിക്കുന്നു. പെൺകുട്ടിയുടെ ആന്റിയുടെ സ്വാധീനത്തിലാണ് ഈ ഗായക ഗ്രൂപ്പിന്റെ പാട്ടുകൾ കാണാൻ തുടങ്ങിയത്. താൻ പീഡിപ്പിച്ചെന്ന പരാതിയും മകൾ പറഞ്ഞത് ഈ ആന്റിയോടാണ്. കുട്ടിയിപ്പോൾ കുടുംബക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആന്റിയുടെ കസ്റ്റഡിയിലാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, പ്രതിയുടെ ജാമ്യഹർജിയെ എതിർത്ത സർക്കാർ ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിയിക്കുന്ന വസ്തുതകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

എന്നാൽ, ഗുരുതരമായ ആരോപണമാണ് ഹർജിക്കാരനെതിരേ ഉന്നയിച്ചിരിക്കുന്നതെങ്കിലും ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ആരോപണം തെറ്റാകാനും ഇടയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്ന് ജസ്റ്റീസ് പി.ഗോപിനാഥ് കർശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ പി. വിജയഭാനുവാണ് ഹാജരായത്.