ശംഖുംമുഖം: 49 ലക്ഷത്തിന്റെ സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ച യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. തമിഴ്‌നാട് തിരുനെൽവേലി കടയനെല്ലൂർ സ്വദേശി മുഹമ്മദ് ഇംറാൻ(24) ആണ് എയർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. 800 ഗ്രാമോളം വരുന്ന സ്വർണം മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്‌സൂളുകളാക്കി വയറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

അബുദാബിയിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എയർഇന്ത്യ എക്സ്‌പ്രസിലെ യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന് എയർ കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് യാത്രക്കാരുടെ ലഗേജുകളും എക്‌സറേ പരിശോധനകളും കർശനമായി നിരീക്ഷിച്ചു. എന്നാൽ പരിശോധനകളിൽ ഒന്നും കണ്ടെത്താനായില്ല.
എമിഗ്രഷൻ നടപടികൾ കഴിഞ്ഞ് പുറത്തുവന്ന ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് എക്‌സറേ പരിശോധനകൾ നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നിട് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വയറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി ഇയാൾ സമ്മതിച്ചത്.

തുടർന്ന് വൈദ്യപരിശോധന സംഘത്തിന്റെ സഹായത്തോടെ സ്വർണം പുറത്തെടുത്തു. കുറഞ്ഞ അളവിൽ കൊണ്ടുവരുന്ന സ്വർണം പിടികൂടിയാലും നികുതി അടച്ച് സ്വർണം എടുക്കാൻ കഴിയുമെന്നതിനാൽ സ്വർണക്കടത്ത് സംഘങ്ങൾ കാരിയർമാരെ ഉപയോഗിച്ച് ഇത്തരം രീതികളിലാണ് സ്വർണം കടത്തുന്നത്.