കരുമാല്ലൂർ: വണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ മാരകമയക്കുമരുന്നായ എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ പുല്ലൂറ്റ് വലിയകത്തുവീട്ടിൽ നസറുദ്ദീൻ (28), എടവിലങ്ങ് പുതിയറോഡ് കള്ളിക്കാട്ടുവീട്ടിൽ നിബിൻ (28) എന്നിവരെയാണ് ആലങ്ങാട് പൊലീസ് പിടികൂടിയത്.

56 എൽ.എസ്.ഡി. സ്റ്റാമ്പുകൾ ഇവരുടെ വണ്ടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു. ഒരു സ്റ്റാമ്പിന് അയ്യായിരത്തിലേറെ രൂപ വിലയിട്ടാണ് വില്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പുതുവത്സരാഘോഷത്തിന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിൽ അടുത്തകാലത്തുനടന്ന വലിയ എൽ.എസ്.ഡി സ്റ്റാമ്പ് വേട്ടയാണിത്.

ആലങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സി.കെ. രാജേഷ്, എസ്‌ഐ.മാരായ എം വി അരുൺദേവ്, സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കരുമാല്ലൂർ പുറപ്പിള്ളിക്കാവിന് സമീപത്തുനിന്നാണ് ഇവരെ പിടിച്ചത്.